വായിലിട്ടാല്‍ പുക, സ്‌മോകി പാന്‍ കഴിച്ച 12കാരിയുടെ വയറ്റില്‍ തുള വീണു; സങ്കീര്‍ണ ശസ്ത്രക്രിയ

  • 22/05/2024

വായിലിടുമ്ബോള്‍ പുക വരുന്ന പാന്‍ കഴിച്ച 12കാരിയുടെ വയറ്റില്‍ 'ദ്വാരം' കണ്ടെത്തി. രോഗം ഗുരുതരമായി കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നീങ്ങുന്നത് തടയാനായി പെണ്‍കുട്ടിക്ക് ശസ്ത്രക്രിയ നടത്തി. ബംഗളൂരുവിലെ നാരായണ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു ചികിത്സ.

ബംഗളൂരു സ്വദേശിയായ പെണ്‍കുട്ടിക്ക് ആണ് അനുഭവം ഉണ്ടായത്.ഒരു വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതിനിടെ ലിക്വിഡ് നൈട്രജന്‍ അടങ്ങിയ പാന്‍ കഴിച്ച പെണ്‍കുട്ടിക്കാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായത്. പരിശോധനയില്‍ ആമാശയത്തില്‍ ഉണ്ടാകുന്ന ദ്വാരം എന്ന അവസ്ഥയാണ് കുട്ടിയെ ബാധിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. കൂടുതല്‍ സങ്കീര്‍ണതയിലേക്ക് കടക്കാതിരിക്കാനാണ് ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തിയതെന്ന് ആശുപത്രി അറിയിച്ചു.

കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ചികിത്സ തേടിയത്. പെണ്‍കുട്ടിക്ക് ഇന്‍ട്രാ-ഒപി ഒജിഡി സ്‌കോപ്പി, സ്ലീവ് ഗ്യാസ്‌ട്രെക്ടമി എന്നിവയുടെ സഹായത്തോടെ ലാപ്രോട്ടമി നടത്തി. പെണ്‍കുട്ടിയുടെ 4x5 സെന്റീമീറ്ററോളം വരുന്ന വയറിന്റെ ഒരു ഭാഗം നീക്കം ചെയ്താണ് പ്രശ്‌നം പരിഹരിച്ചത്. രണ്ടു ദിവസം ഐസിയുവില്‍ അടക്കം എട്ടുദിവസത്തെ ആശുപത്രി വാസത്തിന് ശേഷം പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു.

Related News