രക്തസാമ്ബിള്‍ മാറ്റാന്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കിയത് മൂന്ന് ലക്ഷം രൂപ, ഇടനിലക്കാരനായത് പ്യൂണ്‍; പുനെ അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

  • 28/05/2024

പുനെയില്‍ മദ്യലഹരിയില്‍ 17കാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച്‌ രണ്ടുപേര്‍ മരിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 17കാരനെ രക്ഷിക്കാനായി രക്തസാമ്ബിള്‍ റിപ്പോര്‍ട്ടില്‍ കൃത്രിമം നടത്തി എന്ന ആരോപണം നേരിടുന്ന രണ്ടു ഡോക്ടര്‍മാര്‍ക്ക് കൈക്കൂലിയായി മൂന്ന് ലക്ഷം രൂപ നല്‍കിയതായി കണ്ടെത്തിയതായി പുനെ ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നു. പ്യൂണ്‍ ആണ് ഡോക്ടര്‍മാര്‍ക്ക് തുക കൈമാറിയത്. കേസില്‍ പ്യൂണും അറസ്റ്റിലായിട്ടുണ്ട്. 

പ്യൂണായ അതുല്‍ ഘട്കാംബ്ലെ ഇടനിലക്കാരനായാണ് പ്രവര്‍ത്തിച്ചത്. കൗമാരക്കാരന്റെ കുടുംബത്തില്‍ നിന്ന് രണ്ട് ഡോക്ടര്‍മാര്‍ക്കുമായി കൈക്കൂലിയായി 3 ലക്ഷം രൂപ വാങ്ങിയത് പ്യൂണ്‍ ആണെന്നും വൃത്തങ്ങള്‍ പറയുന്നു. സസൂണ്‍ ആശുപത്രിയിലെ ഡോ. അജയ് തവാഡെ, ഡോ. ഹരി ഹാര്‍നോര്‍ എന്നിവരെയാണ് പുനെ ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തത്.

അപകടദിവസം ഡോ.തവാഡെയും പ്രതിയുടെ പിതാവും ഫോണില്‍ സംസാരിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. 17കാരന്റെ പിതാവ് ഡോക്ടറെ വിളിച്ച്‌ രക്ത സാമ്ബിളുകള്‍ മാറ്റാന്‍ പ്രലോഭിപ്പിച്ചതായും പോലീസ് പറഞ്ഞു.17കാരന്റെ രക്തസാമ്ബിള്‍ ഡോക്ടറുടെ രക്തസാമ്ബിളുമായി മാറ്റാമെന്ന് ഡോക്ടര്‍ സൂചന നല്‍കി. മദ്യത്തിന്റെ അംശം ഇല്ലാതിരിക്കാനാണ് സാമ്ബിളുകള്‍ മാറ്റിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 17കാരനെ രക്ഷിക്കാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചത് പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടേതല്ലെന്ന് കണ്ടെത്തിയതായി പുനെ പൊലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു.

Related News