ഉഷ്ണതരംഗം; ഉത്തരേന്ത്യയില്‍ മരിച്ചത് 54 പേര്‍; നാളെ മുതല്‍ ആശ്വാസമെന്ന് ഐഎംഡി

  • 31/05/2024

ഉഷ്ണതരംഗത്തെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ ഇതുവരെ 54 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളില്‍ അതി രൂക്ഷമായ ചൂടാണ് അനുഭവപ്പെടുന്നത്. 47 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ചൂടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു, 

കഴിഞ്ഞ ദിവസം ഒഡിഷയിലെ സുന്ദര്‍ഗഡില്‍ മാത്രം 12 പേരാണ് ഉഷ്ണതരംഗത്തെ തുടര്‍ന്ന് മരിച്ചത്. ബീഹാറില്‍ ഇതുവരെ 32 പേരാണ് മരിച്ചത്. ജാര്‍ഖണ്ഡിലെ പലാമുവിലും രാജസ്ഥാനിലും അഞ്ച് പേര്‍ വീതവും ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ ഒരാളുമാണ് മരിച്ചത്. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം റെക്കോര്‍ഡ് ചൂടാണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. 79വര്‍ഷത്തിനിടെയാണ് രാജ്യതലസ്ഥാനത്ത് ഇത്രയും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്.

രാജസ്ഥാന്‍, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, കിഴക്കന്‍ മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളില്‍ ഇന്നലെ 48 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തിയതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം നാളെ മുതല്‍ ഉഷ്ണ തരംഗം കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഒഡീഷ, ബീഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Related News