ഒഡീഷയിൽ ഒറ്റക്ക് മുന്നേറി ബിജെപി, നാടകീയ നീക്കങ്ങളുമായി ഭരണം നലിനിർത്താൻ നവീൻ പട്‌നായിക്

  • 04/06/2024

ഭുബനേശ്വർ: പാർലമെൻറ് തെരഞ്ഞെടുപ്പിനൊപ്പം ഒഡീഷ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോൾ ശരിവെച്ച് വലിയ മുന്നേറ്റവുമായി ബിജെപി. ഏറ്റവും ഒടുവിൽ ലഭിക്കുന്ന ഫലസൂചനകൾ അനുസരിച്ച് 147 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 72 സീറ്റിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ ബിജെഡി 59സീറ്റിലും കോൺഗ്രസ് 13 സീറ്റിലും സിപിഎം ഒരു സീറ്റിലും സ്വതന്ത്രർ രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു. കേവല ഭൂരിപക്ഷത്തിന് 74 സീറ്റുകളാണ് വേണ്ടത്.

ബിജെപിക്ക് കേവല ഭൂരിപക്ഷത്തിന് രണ്ട് സീറ്റ് കൂടി മതിയെങ്കിലും കോൺഗ്രസിൻറെ 13 സീറ്റുകളും സിപിഎമ്മിൻറെ ഒരു സീറ്റും സ്വതന്ത്രരുടെ രണ്ട് സീറ്റുകളും ചേർത്താൽ ബിജെഡിക്ക് 75 സീറ്റുകളിലെത്താനാവും. ദേശീയ തലത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തിൻറെ ഭാഗമായാൽ സംസ്ഥാനത്ത് ബിജെഡിക്ക് കോൺഗ്രസ് പിന്തുണ വാഗ്ദാനം ചെയ്യാൻ സാധ്യതതയുണ്ട്. സിപിഎമ്മിൻറെയും സ്വതന്ത്രരുടെയും പിന്തുണയോടെ നവീൻ പട്‌നായിക്ക് ഇത്തവണയും ഭരണം നിലനിർത്തുമോ എന്നതാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്.

2000 മാർച്ചിൽ ഒഡീഷ മുഖ്യമന്ത്രിയായി അധികാരമേറ്റ നവീൻ പട്‌നായിക് തുടർച്ചയായി 24 വർഷം സംസ്ഥാനത്തിൻറെ മുഖ്യമന്ത്രിയായി. ഒരു സംസ്ഥാനത്തിൻറെ മുഖ്യമന്ത്രി പദവി സ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം ഭരിച്ച രണ്ടാമത്തെ നേതാവ് കൂടിയാണ് നവീൻ പട്‌നായിക്. ഡൂൺ സ്‌കൂളിൽ സഞ്ജയ് ഗാന്ധിയുടെ സഹപാഠിയായിരുന്ന നവീൻ പട്‌നായിക്ക് 1997ൽ പിതാവ് ബിജു പട്‌നായിക്കിൻറെ നിര്യാണത്തെത്തുടർന്നാണ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. മുഖ്യമന്ത്രി നവീൻ പട്‌നായിക് കാന്തബൻജി,ഹിൻജിലി എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് മത്സരിച്ചത്.

ഇതിൽ കാന്തബൻജിയിൽ നവീൻ പട്‌നായിക്ക് ബിജെപി സ്ഥാനാർത്ഥി ലക്ഷമൺ ബാഗിന് 63 വോട്ടുകൾക്ക് പിന്നിലാണ്. ഹിൻജിലി മണ്ഡലത്തിൽ ബിജെപിയുടെ ശിശിർ കുമാർ മിശ്രയെക്കാൾ 2513 വോട്ടിൻറെ ലീഡ് മാത്രമാണ് നവീൻ പട്‌നായിക്കിന് ഇപ്പോഴുള്ളത്. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 112 സീറ്റുകളാണ് ബിജെഡി നേടിയത്. ഇത്തവണ നവീൻ പട്‌നായിക്കിൻറെ അനാരോഗ്യവും സംസ്ഥാനം ഭരിക്കുന്നത് വി കെ പാണ്ഡ്യനാണെന്ന പ്രതിപക്ഷത്തിൻറെ ആരോപണങ്ങളും തിരിച്ചടിയായിരുന്നു.  തെരഞ്ഞെടുപ്പിന് മുമ്പ് ബിജു ജനതാദളുമായി സഖ്യത്തിന് ബിജെപി തയാറായിരുന്നെങ്കിലും സംസ്ഥാന നേതാക്കളുടെ റിപ്പോർട്ട് അനുസരിച്ച് ഒറ്റക്ക് മത്സരിക്കാൻ പാർട്ടി തയാറാവുകയായിരുന്നു.

Related News