വഴിവെട്ടിയത് തനിച്ച്, യുപിയിൽ ഉദിച്ചുയർന്ന് ചന്ദ്രശേഖർ ആസാദ്, നാഗിനയിലെ ഭൂരിപക്ഷം ഒന്നര ലക്ഷം

  • 05/06/2024

ലഖ്‌നൌ: ഉത്തർപ്രദേശിൽ ബിഎസ്പിയുടെ തകർച്ചയ്ക്കിടെ, ദലിത് രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് ചന്ദ്രശേഖർ ആസാദ് പാർലമെൻറിലേക്ക്. പടിഞ്ഞാറൻ യുപിയിലെ നാഗിന മണ്ഡലത്തിൽ എൻഡിഎയും ഇന്ത്യാ സഖ്യത്തെയും പിന്തള്ളിയാണ് ചന്ദ്രശേഖർ ആസാദിൻറെ വിജയം. 1,51,473 വോട്ടിൻറെ ഭൂരിപക്ഷമാണ് ആസാദ് നേടിയത്. 

ആസാദ് സമാജ് പാർട്ടി (കാൻഷി റാം) എന്ന പേരിൽ പാർട്ടി രൂപീകരിച്ചാണ് കളത്തിലിറങ്ങിയത്.  51.19% വോട്ടുകൾ നേടിയാണ് ആസാദ് മിന്നും ജയം സ്വന്തമാക്കിയത്. ബിജെപിയുടെ ഓം കുമാർ, എസ് പിയുടെ മനോജ് കുമാർ, ബിഎസ്പിയുടെ സുരേന്ദ്ര പാൽ സിംഗ് എന്നിവരായിരുന്നു പ്രധാന എതിരാളികൾ. നാഗിനയിൽ ബിജെപിയുടെ വോട്ട് വിഹിതം 36 ശതമാനമായി കുറഞ്ഞു. ബിഎസ്പിയുടെ സുരേന്ദ്ര പാൽ സിംഗിന് 1.33% വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 2019ൽ ബിഎസ്പിയുടെ ഗിരീഷ് ചന്ദ്ര 1.66 ലക്ഷം വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് ഈ മണ്ഡലത്തിൽ വിജയിച്ചത്. 

നാഗിനയിലെ ജനസംഖ്യയുടെ 20 ശതമാനം ദലിതരാണ്. മുസ്ലീങ്ങൾ 40 ശതമാനമുണ്ട്. താക്കൂർ, ജാട്ട്, ചൗഹാൻ രജപുത്രർ, ത്യാഗികൾ, ബനിയകൾ തുടങ്ങിയവരും മണ്ഡലത്തിലുണ്ട്. ആദ്യ ഘട്ടത്തിൽ എസ്പിയുമായി ചർച്ച ചെയ്ത് പൊതു സ്ഥാനാർത്ഥിയെ നിർത്താൻ ആലോചിച്ചെങ്കിലും ചർച്ച വഴിമുട്ടി. തുടർന്ന് ആസാദ് ഒരു സഖ്യത്തിൻറെയും ഭാഗമാകാതെ മത്സരിക്കുകയായിരുന്നു. വീടുകൾ തോറും കയറിയിറങ്ങി പ്രചാരണം നടത്തുകയായിരുന്നു. എസ്പിക്കും ബിഎസ്പിക്കും ലഭിച്ചിരുന്ന വോട്ടുകൾ ഇത്തവണ ആസാദിന് ലഭിച്ചതായാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ബിഎസ്പിയുടെ ഒരു സ്ഥാനാർത്ഥിയും ഇത്തവണ വിജയിച്ചിട്ടില്ല. പാർലമെൻറിൽ ആസാദ് ദലിത് രാഷ്ട്രീയത്തിൻറെ പുതിയ മുഖമാകുമെന്ന് ആസാദ് സമാജ് പാർട്ടി വ്യക്തമാക്കി.

Related News