അക്രമി സംഘത്തെ ഒറ്റയ്ക്ക് തുരത്തിയോടിക്കുന്ന നായകനെ നമ്മള്‍ സിനിമയില്‍ കണ്ടിട്ടുണ്ട്, എന്നാല്‍ ത്രില്ലർ സിനിമകളെ വെല്ലുന്ന സംഘട്ടനത്തിനൊടുവില്‍ ഏഴ് കള്ളന്മാരെ ഒറ്റയ്ക്ക് തുരത്തിയോടിച്ച് അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ. ജ്വല്ലറി കൊള്ളയടിക്കാനെത്തുന്ന 7 കള്ളന്മാരെ ഒറ്റയ്ക്ക് നേരിട്ട പൊലീസുകാരാനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. വെസ്റ്റ് ബെംഗാള്‍ പൊലീസിലെ സബ് ഇൻസ്പെക്ടറായ മേഘ്നാഥ് മൊണ്ടാലാണ് മോഷ്ടാക്കളെ തുരത്തിയോടിച്ചത്.
കൊല്‍ക്കത്തയിലെ റാണിഗഞ്ചിലാണ് ത്രില്ലർ സിനിമയെ വെല്ലുന്ന സംഘട്ടനം അരങ്ങേറിയത്. ഒരു മെഷീൻ ഗണ്‍, റൈഫില്‍, പിസ്റ്റള്‍ എന്നിങ്ങനെ മാരക ആയുധങ്ങളുമായാണ് ജ്വല്ലറിയിലേക്ക് മോഷണ സംഘമെത്തിയത്. ബൈക്കുകളിലെത്തിയ സംഘം ജ്വല്ലറിയിലേക്ക് ഇരച്ച് കയറി. അപ്രതീക്ഷിത ആക്രമണത്തില്‍ അമ്ബരന്ന ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘം സ്വർണാഭരണങ്ങള്‍ കവർന്നു. രണ്ട് ബാഗുകളിലാക്കിയ സ്വർണവുമായി ബൈക്കില്‍ രക്ഷപ്പെടാനൊരുങ്ങിയ സംഘത്തെ സബ് ഇൻസ്പെക്ടറാ മേഘ്നാഥ് മൊണ്ടാല നേരിടുകയായിരുന്നു.
ജ്വല്ലറിക്ക് തൊട്ടുത്തുള്ള ഔട്ട് പോസ്റ്റിലായിരുന്നു മേഘ്നാഥ് മൊണ്ടാലയ്ക്ക് ഡ്യൂട്ടി. സംഭവ സമയത്ത് വ്യക്തിപരാമായ ആവശ്യത്തിനായി ജ്വല്ലറിക്ക് സമീപത്തെത്തിയതായിരുന്നു അദ്ദേഹം. ആ സമയത്താണ് മോഷണ ശ്രമം ശ്രദ്ധയില്‍ പെടുന്നത്. ഇതോടെ കൈവശമുണ്ടായിരുന്ന സർവ്വീസ് റിവോള്‍വർ ഉപയോഗിച്ച് മോഷ്ടാക്കളെ തടയുകയായിരുന്നു. തനിക്ക് നേരെ വെടിയുതിർത്ത തോക്കുധാരികളായ മോഷ്ടാക്കളെ ഒരു വൈദ്യുതപോസ്റ്റിന്റെ മറവില്‍ നിന്നാണ് മേഘ്നാഥ് തിരിച്ചടിച്ചത്. 20 റൗണ്ടോളം നീണ്ട വെടിവയ്പ്പ്. ഒടുവില്‍ മേഘ്നാഥ് എന്ന പൊലീസുകാരന് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ കവർച്ചാസംഘം രക്ഷപ്പെട്ടു. ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?