കുവൈത്ത് ദുരന്തം വിലയിരുത്തി പ്രധാനമന്ത്രി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാൻ ശ്രമം, വിദേശകാര്യ സഹമന്ത്രി കുവൈത്തില്‍

  • 13/06/2024

കുവൈത്ത് ദുരന്തം വീണ്ടും വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മൃതദേഹങ്ങള്‍ പലതും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ ഡിഎന്‍എ പരിശോധന ഫലം കൂടി കിട്ടിയ ശേഷമേ നാട്ടിലെത്തിക്കാനാകൂയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് കുവൈത്തിലെത്തി.

കുവൈത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ഏകോപിപ്പിച്ച്‌ ഇന്ത്യ സര്‍ക്കാര്‍. കുവൈത്തിലെത്തിയ വിദേശ കാര്യസഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗും സംഘവും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. പ്രാഥമിക വിവരം ലഭിച്ച ശേഷം ദില്ലിയില്‍ ഉന്നതതല യോഗം നടക്കും. വിദേശ കാര്യമന്ത്രിയില്‍ നിന്ന് പ്രധാനമന്ത്രി വിവരങ്ങള്‍ തേടിയിരുന്നു.

മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാനാണ് ശ്രമം. എന്നാല്‍ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയാനായി ഡിഎന്‍എ പരിശോധന നടത്തേണ്ടി വരും. അങ്ങനെയെങ്കില്‍ കാലതാമസമുണ്ടായേക്കുമെന്ന് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് വ്യക്തമാക്കി.

Related News