നീറ്റ് പരീക്ഷ തത്കാലം റദ്ദാക്കില്ല; ബിഹാറിലേത് ഒറ്റപ്പെട്ട സംഭവമെന്ന് ധര്‍മേന്ദ്ര പ്രധാൻ

  • 20/06/2024

നീറ്റ് പരീക്ഷ തത്കാലം റദ്ദാക്കില്ലെന്ന സൂചന നല്‍കി കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. ബിഹാറിലെ നീറ്റ്- യു.ജി. ചോദ്യപ്പേപ്പർ ചോർച്ച ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ അദ്ദേഹം, അത് ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കാൻ പാടില്ലെന്ന് വ്യക്തമാക്കി. എൻ.ടി.എയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് നിർദേശങ്ങള്‍ സമർപ്പിക്കാൻ ഉന്നതതലസമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

എൻ.ടി.എയുടെ ഘടന, പ്രവർത്തനം, പരീക്ഷാരീതി, സുതാര്യത, ഡാറ്റാ സുരക്ഷിതത്വം എന്നിവയിലാവും ഉന്നതതലസമിതിയില്‍നിന്ന് നിർദേശങ്ങള്‍ തേടുക. വിദ്യാർഥികളുടെ താത്പര്യം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ മന്ത്രി, ചില ക്രമക്കേടുകള്‍ നടന്നുവെന്നും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും വ്യക്തമാക്കി. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ബിഹാർ സർക്കാരില്‍നിന്ന് വിവരം തേടിയിരുന്നു. പാട്നയില്‍നിന്ന് ചില വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. പാട്ന പോലീസ് ഇതില്‍ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ കർശനനടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News