വിഷമദ്യ ദുരന്തം; നടപടിയുണ്ടാകുമെന്ന് സ്റ്റാലിൻ, തമിഴ്നാട് നിയമസഭയില്‍ പ്രതിഷേധം, പിറന്നാളാഘോഷം റദ്ദാക്കി വിജയ്

  • 21/06/2024

തമിഴ്നാട് കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തില്‍ ഉത്തരവാദികള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിയമസഭയില്‍ വ്യക്തമാക്കി. അതേസമയം, വിഷമദ്യ ദുരന്തത്തില്‍ മരണ 52 ആയി ഉയര്‍ന്നു. ദുരന്തം നിസ്സാരമല്ലെന്നും അന്വേഷണറിപ്പോർട്ടുകള്‍ പൂഴ്ത്തി സർക്കാരിന് രക്ഷപ്പെടാനാകില്ലെന്നും രൂക്ഷവിമർശനമുയർത്തിയ മദ്രാസ് ഹൈക്കോടതി അടുത്ത ബുധനാഴ്ചയ്ക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം നല്‍കാൻ ഉത്തരവിട്ടു. പ്ലക്കാർഡുകളുമായി നിയമസഭയിലെത്തി നടുത്തളത്തില്‍ പ്രതിഷേധിച്ച അണ്ണാ ഡിഎംകെ അംഗങ്ങളെ സ്പീക്കർ പുറത്താക്കിയെങ്കിലും ചർച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചതോടെ തിരിച്ച്‌ വിളിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ നടുക്കിയ വ്യാജമദ്യദുരന്തത്തെച്ചൊല്ലി തമിഴ്നാട് നിയമസഭാ സമ്മേളനത്തിന്‍റെ രണ്ടാം ദിനം ബഹളത്തില്‍ മുങ്ങിയ കാഴ്ചയാണ് കണ്ടത്. കറുത്ത വസ്ത്രമണിഞ്ഞ് പ്ലക്കാർഡുകളുമായി സഭ തുടങ്ങിയപ്പോള്‍ തന്നെ എത്തിയ അണ്ണാ ഡിഎംകെ എംഎല്‍എമാർ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ഇവരെ സ്പീക്കർ പുറത്താക്കി. ജനാധിപത്യത്തിന്‍റെ കശാപ്പാണ് തമിഴ്നാട്ടില്‍ നടക്കുന്നതെന്നും ഇത് ഹിറ്റ്‍ലറുടെ ഭരണമാണോ എന്നും എടപ്പാടി പളനി സ്വാമി ചോദിച്ചു. എന്നാല്‍, ചർച്ചയ്ക്ക് തയ്യാറാണെന്ന് സ്റ്റാലിൻ അറിയിച്ചതോടെ എംഎല്‍എമാരെ സ്പീക്കർ തിരിച്ച്‌ വിളിച്ചു.

വ്യാജമദ്യദുരന്തത്തിന് ഉത്തരവാദികളായവർക്ക് നേരെ കടുത്ത നടപടിയുണ്ടാകുമെന്ന് സ്റ്റാലിൻ സഭയില്‍ പറഞ്ഞു.കള്ളക്കുറിച്ചിയിലെ ആശുപത്രിയിലേക്ക് കൂടുതല്‍ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു.വേണ്ടത്ര മരുന്നുകള്‍ ഉണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. കൂടുതല്‍ മരുന്നുകള്‍ ഉടൻ എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ 117 പേരാണ് ചികിത്സയിലുള്ളത്. വ്യാജമദ്യം വിതരണം ചെയ്ത ഗോവിന്ദരാജിന്‍റെയും സംഘത്തിന്‍റെയും പക്കല്‍ നിന്ന് 200 ലിറ്റർ മെഥനോള്‍ പിടിച്ചെടുത്തിട്ടുണ്ട്. മെഥനോള്‍ കൊണ്ട് വന്നത് പുതുച്ചേരിയില്‍ നിന്നാണ് എന്ന് വ്യക്തമായിട്ടുണ്ടെന്നും മൂന്ന് മാസത്തിനകം ജുഡീഷ്യല്‍ കമ്മീഷനോട് റിപ്പോർട്ട് നല്‍കാൻ നിർദേശിച്ചിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.

അതേസമയം, പല തവണ വ്യാജമദ്യദുരന്തങ്ങള്‍ ആവ‍ർത്തിച്ചിട്ടും മുൻകരുതല്‍ നടപടികളെടുക്കാത്ത തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഇന്ന് മദ്രാസ് ഹൈക്കോടതി ഉന്നയിച്ചത്. കഴിഞ്ഞ വർഷം ചെങ്കല്‍പ്പേട്ടിലും വിളുപുരത്തും നടന്ന വ്യാജമദ്യദുരന്തത്തില്‍ നടപടിയെടുത്തതിന്‍റെ വിവരങ്ങളെവിടെ എന്ന് കോടതി ചോദിച്ചു. അന്വേഷണറിപ്പോർട്ടുകള്‍ പൂഴ്ത്തി രക്ഷപ്പെടാമെന്ന് കരുതണ്ടെന്നും, ഉദ്യോഗസ്ഥ അനാസ്ഥ മൂലം ഇവിടെ നഷ്ടമാകുന്നത് മനുഷ്യജീവനുകളാണെന്നും കോടതി പറഞ്ഞു. അടുത്ത ബുധനാഴ്ചയ്ക്കകം സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച്‌ വിശദമായ സത്യവാങ്മൂലം നല്‍കാനും കോടതി ഉത്തരവിട്ടു.

അതേസമയം തമിഴകവെട്രി കഴകം അധ്യക്ഷനും സൂപ്പർ താരവുമായ വിജയ് നാളത്തെ തന്‍റെ പിറന്നാളാഘോഷങ്ങള്‍ റദ്ദാക്കി. ആ പണം കള്ളക്കുറിച്ചിയിലെ ഇരകളുടെ കുടുംബങ്ങള്‍ക്ക് നല്‍കണമെന്ന് ആരാധകരോട് വിജയ് പറഞ്ഞു. പട്ടാളി മക്കള്‍ കക്ഷി അൻപുമണി രാംദോസും ഇന്ന് ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്നവരെ കണ്ടു.

Related News