മൂന്നാം തവണ മൂന്നിരട്ടി അധ്വാനിക്കും; 18 ന് പ്രാധാന്യമേറെയെന്ന് മോദി

  • 24/06/2024

എല്ലാവരെയും ഒരുമിപ്പിച്ച്‌ കൊണ്ടുപോകുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ നയിക്കാന്‍ എല്ലാവരുടേയും പിന്തുണ വേണം. ഭരണഘടനാ മൂല്യങ്ങള്‍ പിന്തുടരുമെന്നും മോദി 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ എംപിമാരെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംപിമാരെ മോദി സ്വാഗതം ചെയ്തു.

ഇത് 18-ാം ലോക്‌സഭയാണ്. 18 ന് പ്രാധാന്യമേറെയാണ്. ഭാരതീയ പുരാണങ്ങളുടെ എണ്ണം 18 ആണെന്നും നരേന്ദ്രമോദി പറഞ്ഞു. മൂന്നാം തവണയും അധികാരത്തിലെത്തിയ സര്‍ക്കാര്‍ മൂന്നിരട്ടി അധ്വാനിക്കും. ഒരു സര്‍ക്കാര്‍ കേന്ദ്രത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുന്നത് 60 വര്‍ഷത്തിനിപ്പുറം ആദ്യമായിട്ടാണ്. ജനങ്ങള്‍ സര്‍ക്കാരിന്റെ നയങ്ങളില്‍ വിശ്വാസം അര്‍പ്പിച്ചതിന്റെ ഫലമാണിതെന്നും മോദി പറഞ്ഞു.

പ്രതിപക്ഷം ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തരവാദിത്തമുള്ള പ്രതിപക്ഷം ഉണ്ടാകണം. പാര്‍ലമെന്റിന്റെ മാന്യത പ്രതിപക്ഷം കാത്തു സൂക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അടിയന്തരാവസ്ഥയെ ചൂണ്ടി പ്രധാനമന്ത്രി കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ചു. നാളെ ജൂണ്‍ 25 അടിയന്തരാവസ്ഥ എന്ന കറുത്ത അധ്യായത്തിന്റെ 50-ാം വാര്‍ഷികമാണെന്ന് നരേന്ദ്രമോദി പറഞ്ഞു.

Related News