മോദി സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോള്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച്‌ പ്രതിപക്ഷം

  • 24/06/2024

പതിനെട്ടാം ലോക്‌സഭാംഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോള്‍ ഭരണഘടനയുടെ പകർപ്പുകള്‍ ഉയർത്തിപ്പിടിച്ച്‌ പ്രതിപക്ഷം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മറ്റ് പ്രതിപക്ഷ എംപിമാരുമാണ് പ്രതീകാത്മക പ്രതിഷേധമായി ഭരണഘടനയുടെ പകർപ്പുകള്‍ കാണിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും സമാനമായ രീതിയിലായിരുന്നു സ്വാഗതം ചെയ്തത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കല്യാണ്‍ ബാനർജി, സമാജ്‌വാദി പാർട്ടി നേതാക്കളായ അഖിലേഷ് യാദവ്, അവധേഷ് പ്രസാദ് എന്നിവരാണ് പ്രതിപക്ഷ ബെഞ്ചുകളില്‍ ഒന്നാം നിരയില്‍ ഇരുന്നത്.

'ഇൻഡ്യാ സഖ്യം ജീവൻ പണയപ്പെടുത്തിയും ഭരണഘടനയെ സംരക്ഷിക്കും'- എന്ന അടിക്കുറിപ്പോടെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് എക്സില്‍ പങ്ക് വെച്ചു. 'ഭരണഘടനയുടെ പകർപ്പ് കൈകളില്‍, അതിൻ്റെ മൂല്യങ്ങള്‍ ഹൃദയത്തില്‍' എന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധിയും അവരുടെ പ്രതീകാത്മക പ്രതിഷേധത്തിൻ്റെ വീഡിയോ തന്റെ എക്സ് ഹാൻഡിലില്‍ പങ്കിട്ടു.

Related News