ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ഹാസനിലെ മുൻ എംപി പ്രജ്വല്‍ രേവണ്ണയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് പ്രജ്വലിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. പുതിയൊരു എഫ്‌ഐആർ കൂടി നേരത്തെ പ്രജ്വലിനെതിരെ റജിസ്റ്റർ ചെയ്തിരുന്നു. ഇതോടെ പ്രജ്വലിനെതിരെ നാല് എഫ്‌ഐആറുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. പുതിയ കേസില്‍ ചോദ്യം ചെയ്യണമെന്ന എസ്‌ഐടി ആവശ്യപ്പെട്ടതിനാല്‍ പ്രജ്വല്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. രണ്ട് ദിവസം മുൻപ് അറസ്റ്റിലായ പ്രജ്വലിന്‍റെ സഹോദരൻ സൂരജ് രേവണ്ണയും പൊലീസ് കസ്റ്റഡിയിലാണ്.
കർണാടകയിലെ ഹാസനില്‍ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന പ്രജ്വല്‍ രേവണ്ണ പരാജയപ്പെട്ടിരുന്നു. ദേവഗൌഡ കുടുംബത്തിന്റെ സിറ്റിംഗ് സീറ്റായിരുന്ന ഹാസനില്‍ 25 വർഷത്തിന് ശേഷമാണ് ജെഡിഎസിന് തിരിച്ചടിയുണ്ടാകുന്നത്. സ്വന്തം മണ്ഡലമായിരുന്ന ഹാസൻ, ദേവഗൗഡ പേരക്കുട്ടിക്ക് വേണ്ടി കൈമാറുകയായിരുന്നു. കോണ്‍ഗ്രസിന്റെ ശ്രേയസ് പട്ടേല്‍ ഗൗഡ ഭൂരിപക്ഷം 45,000 കടത്തിയാണ് വിജയിച്ചത്.
പ്രജ്വലിനെതിരായ ഗുരുതരമായ ലൈംഗിക പീഡനപരാതികള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് ദിവസങ്ങളിലെല്ലാം ദേശീയ തലത്തില്‍ വലിയ ചർച്ചയായിരുന്നു. പ്രജ്വലിനെതിരായ പീഡനപരാതികളെക്കുറിച്ച് ബിജെപി നേതൃത്വത്തിന് നേരത്തേ അറിയാമായിരുന്നെന്നാണ് ആരോപണം. വിവരം പുറത്തുവന്നിട്ടും ബിജെപി സംരക്ഷിച്ചുവെന്ന ആരോപണമാണ് ഉയർന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?