നീറ്റില്‍ നിര്‍ണായകം; പുനഃപരീക്ഷയില്‍ സുപ്രീം കോടതി തീരുമാനം ഇന്ന്

  • 10/07/2024

നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സുപ്രീം കോടതിയുടെ നിർണായക തീരുമാനം ഇന്ന്. പുനഃപരീക്ഷ സംബന്ധിച്ചു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇന്ന് തീരുമാനം എടുക്കും. ഹർജിയില്‍ കേന്ദ്രവും എൻടിഎയും ഇന്നലെ സത്യവാങ്മൂലം സമർപ്പിച്ചു. ചോദ്യ പേപ്പർ ചോർന്നതു ഒറ്റപ്പെട്ട സംഭവമാണെന്നു ഇരു സത്യവാങ്മൂലങ്ങളിലും പറയുന്നു. നീറ്റ് ഫലത്തില്‍ അസ്വഭാവികത ഇല്ലെന്നു കേന്ദ്രം വ്യക്തമാക്കി. 

ടെലഗ്രാമില്‍ പ്രചരിച്ച ചോദ്യ പേപ്പർ ദൃശ്യങ്ങള്‍ വ്യാജമെന്നു എൻടിഎയും പരമോന്നത കോടതിയെ അറിയിച്ചു. പരീക്ഷയുടെ പരിശുദ്ധിയെ ഇതു ബാധിച്ചിട്ടില്ലെന്നും ഫലം റദ്ദാക്കാണ്ടേതില്ലെന്നും എൻടിഎ റിപ്പോർട്ടില്‍ പറയുന്നു. പാട്ന, ഗോധ്ര എന്നിവിടങ്ങളില്‍ ഒതുങ്ങുന്ന ക്രമക്കേടുകള്‍ മാത്രമാണ് നടന്നതെന്നുമാണ് എൻടിഎ വാദം. 

നീറ്റ് പരീക്ഷയുടെ പവിത്രത നഷ്ടമായാല്‍ പുനഃപരീക്ഷ നടത്താമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചോർച്ചയുടെ വ്യാപ്തി കണ്ടെത്താൻ കഴിഞ്ഞില്ലെങ്കില്‍ പുനഃപരീക്ഷയിലേക്ക് നീങ്ങണം. ചോദ്യപേപ്പർ ചോർന്നു എന്നതില്‍ സംശയമില്ല. അതിന്റെ ആഴങ്ങളാണ് അറിയേണ്ടത്. ക്രമക്കേടിന്റെ ഗുണം പറ്റിയവരെ എത്രയും വേഗം കണ്ടെത്തണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

Related News