കുവൈത്തിൽ വൈറൽ ഹെപ്പറ്റൈറ്റിസ് അണുബാധയുടെ നിരക്ക് കുറയുന്നു

  • 28/07/2024


കുവൈത്ത് സിറ്റി: രാജ്യത്തെ വൈറൽ ഹെപ്പറ്റൈറ്റിസ് അണുബാധയുടെ നിരക്ക് 2015 മുതൽ കുറയുന്നതായി കണക്കുകൾ. ഇതുവരെ 30 ശതമാനത്തിലധികം കുറവാണ് വന്നിട്ടുള്ളത്. അടിസ്ഥാന പ്രതിരോധ കുത്തിവയ്പ്പുകളുടെ ഉയർന്ന നിരക്കാണ് ഈ കുറവിന് കാരണമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ കാര്യങ്ങളുടെ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി ഡോ. മുൻതർ അൽ ഹസാവി പറഞ്ഞു. ഹെപ്പറ്റൈറ്റിസ് ബിക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ് ഉൾപ്പെടെ, എല്ലാ നവജാതശിശുക്കൾക്കും ജനനത്തിന്‍റെ ആദ്യ ദിവസം തന്നെ ഇവ നല്‍കുന്നുണ്ട്. 1990-ൻ്റെ തുടക്കം മുതൽ നവജാതശിശുക്കൾക്ക് വാക്സിനേഷൻ ഏർപ്പെടുത്തിയതിനാൽ ഈ രംഗത്തെ മുൻനിര രാജ്യങ്ങളിലൊന്നാണ് കുവൈത്ത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈത്തിലേക്ക് വരുന്നവരെ പരിശോധിക്കൽ, രക്തദാതാക്കളെ പരിശോധിക്കൽ, വിവാഹത്തിനു മുമ്പുള്ള പതിവ് പരിശോധന തുടങ്ങിയ നയങ്ങൾക്കുപുറമെ, അണുബാധയ്ക്ക് ഏറ്റവും സാധ്യതയുള്ള ഗ്രൂപ്പുകളുടെ രക്തത്തിലെ വൈറസ് വാഹകരെ കണ്ടെത്തുന്നതിന് വിപുലമായ ലബോറട്ടറി പരിശോധനകൾ നടത്തുന്ന നയമാണ് കുവൈറ്റ് പിന്തുടരുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

Related News