പ്രവാസികളുടെ എണ്ണത്തിൽ 11 1 ലക്ഷത്തോളംപേരുമായി ഗൾഫിൽ കുവൈറ്റ് മൂന്നാം സ്ഥാനത്ത്; അതിസമ്പന്നരുടെ എണ്ണത്തിൽ ഇന്ത്യക്കാർ മുന്നിൽ

  • 29/07/2024


കുവൈറ്റ് സിറ്റി : ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി.) രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 90 ലക്ഷത്തിനു മുകളിലായി. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് പാർലമെന്റിൽ അറിയിച്ചതാണിത്. ഐ.ടി., എൻജിനിയറിങ്, ബാങ്കിങ്, ഫിൻടെക്, ആരോഗ്യം തുടങ്ങി ഏറെ വൈദഗ്ധ്യം വേണ്ട മേഖലകൾ മുതൽ ശുചീകരണം, വീട്ടുജോലി തുടങ്ങിയ മേഖകളിൽവരെ ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്.

ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇ.യിലാണ് ഏറ്റവുംകൂടുതൽ ഇന്ത്യക്കാരുള്ളത് - 35.5 ലക്ഷം. 26 ലക്ഷം ഇന്ത്യക്കാരുള്ള സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. 11 ലക്ഷത്തോളംപേരുമായി കുവൈത്താണ് മൂന്നാമത്. ഒമാൻ-7.79 ലക്ഷം, ഖത്തർ-7.45 ലക്ഷം, ബഹ്‌റൈൻ- 3.23 ലക്ഷം എന്നിങ്ങനെയാണ് മറ്റു ജി.സി.സി. രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ എണ്ണം. ഗൾഫിലെ അതിസമ്പന്നരുടെ എണ്ണത്തിലും ഇന്ത്യയാണ് മുന്നിൽ. കുവൈറ്റിലെ മൊത്തം ജനസംഖ്യയുടെ 21% ഇന്ത്യക്കാരാണ് ,  തൊഴിലാളികളുടെ  പട്ടികയിൽ ഒന്നാം സ്ഥാനത്താണ്, കുവൈറ്റിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകളിൽ, മെഡിക്കൽ മേഖല പ്രത്യേക പരാമർശം അർഹിക്കുന്നു. ഏകദേശം 1,000 ഇന്ത്യൻ ഡോക്ടർമാരും 500 ഇന്ത്യൻ ദന്തഡോക്ടർമാരും 24,000 ഇന്ത്യൻ നഴ്സുമാരും കുവൈറ്റിൽ ഉണ്ടെന്നാണ് കണക്ക്. 

ഈ വർഷം ജൂൺ 30 വരെ 1.8 ലക്ഷം ഇന്ത്യക്കാർക്ക് എമിേഗ്രഷൻ ക്ലിയറൻസ് നൽകിയതായും മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം 3.98 ലക്ഷം പേർക്കാണ് എമിേഗ്രഷൻ ക്ലിയറൻസ് നൽകിയത്. 10-ാം ക്ലാസിനുതാഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും നഴ്സിങ് ഉൾപ്പെടെ ചില മേഖലകളിൽ ജോലിക്കു പോകുന്നവർക്കുമാണ് എമിേഗ്രഷൻ ക്ലിയറൻസ് ആവശ്യമുള്ളത്.

Related News