ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ; 48,600 കേസുകളില്‍ ഒരു നടപടിയും സ്വീകരിച്ചില്ല, മമതയ്ക്കെതിരെ കേന്ദ്രം

  • 31/08/2024

കൊല്‍കത്തയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ നീക്കത്തിനെതിരെ കേന്ദ്രം. മമതയുടെ നീക്കത്തില്‍ കടുത്ത അതൃപ്തി അറിയിച്ച്‌ വനിത ശിശുക്ഷേമ മന്ത്രി അന്നപൂർണാ ദേവി ബംഗാള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ഭാരതീയ ന്യായ സംഹിതയില്‍ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും, സംസ്ഥാനത്തെ 48,600 കേസുകളില്‍ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കേന്ദ്രമന്ത്രി കത്തില്‍ പറയുന്നു. 

ഫാസ്റ്റ് ട്രാക്ക് കോടതികളെ നോക്കുകുത്തികളാക്കിയെന്നും മന്ത്രി അന്നപൂർണ്ണ ദേവി ബെഗാള്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ കുറ്റപ്പെടുത്തി. പ്രതികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള നീക്കത്തെ എതിർത്ത് വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഡോക്ടറുടെ കൊലപാതകത്തിലെ വീഴ്ച മറയ്ക്കാനുള്ള ശ്രമമാണ് മമത സർക്കാർ നടത്തുന്നതെന്ന് പീപ്പിള്‍സ് യൂണിയൻ ഓഫ് സിവില്‍ ലിബർട്ടി ആരോപിച്ചു. അതേസമയം പ്രതികള്‍ക്ക് വധശിക്ഷ നല്‍കാൻ നിയമ നിർമ്മാണത്തിനായി നാളെ മുതല്‍ ബംഗാളില്‍ പ്രത്യേക നിയമസഭ സമ്മേളനം തുടങ്ങുകയാണ്.

ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ അടുത്തയാഴ്ച നിയമസഭ പാസ്സാക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി രണ്ട് ദിവസം മുമ്ബ് പ്രഖ്യാപിച്ചത്.

Related News