തിരുവോണ ദിവസം പരീക്ഷ! മാറ്റിവയ്ക്കണമെന്ന് കെസി, 'ഒരുപാട് പേരുടെ അവസരം നഷ്ടമാകും', കേന്ദ്രത്തിന് കത്ത് നല്‍കി

  • 03/09/2024

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) തിരുവോണ നാളില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന നഴ്‌സിങ് ഓഫിസര്‍ പ്രിലിമിനറി പരീക്ഷ മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ട് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി രംഗത്ത്. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയോടാണ് കെ സി വേണുഗോപാല്‍ ആവശ്യമുന്നയിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്കും എയിംസ് ഡയറക്ടർക്കും കത്ത് നല്‍കിയതായും കെ സി അറിയിച്ചു. 

ഓണമെന്നത് കേരളീയരുടെ ഉത്സവമാണ്. അന്ന് പരീക്ഷ വെയ്ക്കുന്നത് വഴി ഒരുപാട് മലയാളി നഴ്‌സുമാര്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെടും. ഈ തീരുമാനം കേരളത്തിലെ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ്. കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരോടുള്ള അനീതിയാണ് പ്രിലിമിനറി പരീക്ഷ അന്നേ ദിവസം നടത്താന്‍ നിശ്ചയിച്ചത്. ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റി പുനഃക്രമീകരിക്കണമെന്നും കേന്ദ്രമന്ത്രിക്ക് നല്‍കിയ കത്തിലൂടെ കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Related News