ബിസ്കറ്റ് നിർമ്മാണ യന്ത്രത്തില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം. യന്ത്രത്തിനുള്ളില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആയുഷ് ചൗഹാൻ എന്ന കുട്ടിയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ അംബർനാഥിലാണ് സംഭവം.
അംബർനാഥിലെ ആനന്ദ് നഗറിലെ എംഐഡിസിയിലെ രാധേ കൃഷ്ണ ബിസ്‌ക്കറ്റ് കമ്ബനിയിലാണ് സംഭവം. ഈ ഫാക്ടറിക്ക് സമീപത്താണ് ആയുഷിന്‍റെ കുടുംബം താമസിച്ചിരുന്നത്. ആയുഷിന്‍റെ അമ്മ പൂജ കുമാരി ആണ് ബിസ്കറ്റ് കമ്ബനിയിലെ തൊഴിലാളികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തിരുന്നത്.
പൂജ ആയുഷിനെയും എടുത്താണ് ഭക്ഷണപ്പൊതികളുമായി കഴിഞ്ഞ ദിവസം ബിസ്കറ്റ് കമ്ബനിയില്‍ എത്തിയത്. ആയുഷ് മെഷീന്‍റെ അടുത്തേക്ക് ഓടി. പ്രവർത്തിക്കുന്ന മെഷീനില്‍ ചാരി നിന്ന് ബിസ്കറ്റ് എടുക്കാൻ ശ്രമിക്കുന്നതിനിടെ യന്ത്രത്തിന്‍റെ ബ്ലേഡില്‍ കുടുങ്ങി കഴുത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
ഫാക്ടറിയിലുണ്ടായിരുന്ന തൊഴിലാളികള്‍ മെഷീൻ ഓഫ് ചെയ്ത് ആയുഷിനെ ഉല്ലാസ് നഗറിലെ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പൂജ കുമാരിയുടെ ഏക മകനാണ് ആയുഷ്. പൂജ കുമാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അപകട മരണ റിപ്പോർട്ട് (എഡിആർ) രജിസ്റ്റർ ചെയ്തെന്ന് സീനിയർ പൊലീസ് ഇൻസ്പെക്ടർ അശോക് ഭഗത് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?