തീവ്രവാദത്തിന്റെ കേന്ദ്രമല്ല, കശ്മീരിനെ വിനോദ സഞ്ചാര കേന്ദ്രമാക്കും; പ്രകടന പത്രിക പുറത്തിറക്കി ബിജെപി

  • 06/09/2024

ജമ്മു-കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ പ്രകടന പത്രിക കേന്ദ്ര മന്ത്രി അമിത് ഷാ പുറത്തിറക്കി. മേഖലയില്‍ വികസനവും സുരക്ഷയും സാമ്ബത്തിക വളർച്ചയും ത്വരിതപ്പെടുത്താനുള്ള ബിജെപിയുടെ പദ്ധതികള്‍ ഉള്‍പ്പെടുത്തിയതാണ് പ്രകടന പത്രിക. തീവ്രവാദത്തിന്റെ കേന്ദ്രമെന്നത് മാറ്റി കശ്മീരിനെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്നത് ഉള്‍പ്പെടെ നിരവധി വാഗ്ദാനങ്ങള്‍ പത്രികയിലുണ്ട്.

ജമ്മു കശ്മീരിനെ ഇന്ത്യയുമായി ഏകീകരിപ്പിക്കാനുള്ള പരിശ്രമമാണ് അക്കാലത്തും ബിജെപി നടത്തിയിട്ടുള്ളതെന്ന് അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീർ എക്കാലത്തും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നു, ഇനിയും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നും പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സർക്കാറിന് കീഴില്‍ കശ്മീരില്‍ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങളും അമിത് ഷാ വിശദീകരിച്ചു. 

പിഎം കിസാൻ സമ്മാൻ നിധിയില്‍ കർഷകർക്ക് 10,000 രൂപയുടെ സാമ്ബത്തിക സഹായം കാർഷിക പ്രവർത്തനങ്ങള്‍ക്കുള്ള വൈദ്യുതി നിരക്കില്‍ 50 ശതമാനം ഇളവ്, യുവാക്കള്‍ക്കായി അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍, നീതിപൂർവകമായ നിയമന സംവിധാനം എന്നിവ ഉള്‍പ്പെടെ നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. ഓരോ വിദ്യാർത്ഥിക്കും 'പ്രഗതി ശിക്ഷാ യോജന' പ്രകാരം 3000 രൂപയുടെ യാത്രാ ആനുകൂല്യം നല്‍കും. മെഡിക്കല്‍ കോളേജുകളില്‍ ആയിരം പുതിയ സീറ്റുകള്‍ തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്.

Related News