സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണപതി പൂജയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി; വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍

  • 12/09/2024

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ വീട്ടില്‍ നടന്ന ഗണപതി പൂജയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീഫ് ജസ്റ്റിസിനും പത്നി കല്‍പ്പന ദാസിനുമൊപ്പമാണ് അദ്ദേഹം പൂജയില്‍ പങ്കെടുത്തത്. എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ആരോഗ്യവുമുണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഇതിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്.


അതേസമയം, സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ ഗണപതി പൂജയില്‍ പങ്കെടുത്ത പ്രധാനമന്ത്രിയ്ക്ക് എതിരെ പല കോണുകളില്‍ നിന്നും വിമർശനം ഉയർന്നുകഴിഞ്ഞു. ഒരു സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് നരേന്ദ്ര മോദിയ്ക്ക് അനുവാദം നല്‍കിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു.
ഇത്തരം പ്രവണതകള്‍ പൗരന്മാരുടെ മൗലികാവകാശം സംരക്ഷിക്കുന്നതിനും ഭരണഘടനയുടെ പരിധിക്കുള്ളില്‍ സർക്കാർ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്ന ജുഡീഷ്യറിക്ക് വളരെ മോശമായ സൂചനയാണ് നല്‍കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

Related News