'കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന ആരോപണം ഒരു വസ്തു പൊളിക്കാനുള്ള ആധാരമല്ല'; ബുള്‍ഡോസര്‍‌ രാജില്‍ സുപ്രിംകോടതി

  • 12/09/2024

കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന ആരോപണം ഒരു സ്വത്ത് പൊളിക്കുന്നതിന് അടിസ്ഥാനമല്ലെന്ന് സുപ്രിംകോടതി. നിയമം പരമോന്നതമായ ഒരു രാജ്യത്ത് ഇത്തരം പൊളിക്കല്‍ ഭീഷണികളെ അവഗണിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. 

'ഒരു കുടുംബാംഗത്തിൻ്റെ തെറ്റിന് കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കോ അവരുടെ നിയമപരമായി നിർമിച്ച വസതിക്കോ എതിരെ നടപടി സ്വീകരിക്കാൻ സാധിക്കില്ല. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന ആരോപണം ഒരു വസ്തു പൊളിക്കുന്നതിനുള്ള അടിസ്ഥാനമല്ല. മാത്രമല്ല, ആരോപിക്കപ്പെടുന്ന കുറ്റകൃത്യം കോടതിയില്‍ ഉചിതമായ നിയമനടപടികളിലൂടെ തെളിയിക്കേണ്ടതുമുണ്ട്. നിയമം പരമോന്നതമായ ഒരു രാജ്യത്ത് ഇത്തരം പൊളിക്കല്‍ ഭീഷണികളെ അവഗണിക്കാൻ കഴിയില്ല. അല്ലാത്തപക്ഷം, ഇത്തരം പ്രവർത്തനങ്ങള്‍ രാജ്യത്തെ നിയമങ്ങള്‍ക്ക് മേല്‍ ബുള്‍ഡോസർ ഓടിക്കുന്നതായി കണക്കാക്കും.' ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, എസ്.വി.എൻ ഭാട്ടി എന്നിവരും ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു. 

ഗുജറാത്ത് സ്വദേശിയുടെ ഹർജിയില്‍ നോട്ടീസ് നല്‍കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. കുടുംബാംഗങ്ങളിലൊരാള്‍ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനെ തുടർന്ന്, മുനിസിപ്പല്‍ അധികൃതർ തൻ്റെ വീട് ബുള്‍ഡോസർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ഹരജി.

Related News