ദില്ലി മുഖ്യമന്ത്രി പദം അരവിന്ദ് കെജ്രിവാള്‍ നാളെ രാജിവെക്കും. നാളെ വൈകിട്ട് നാലരയ്ക്ക് ദില്ലി ലഫ്റ്റനൻ്റ് ഗവർണർ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അടുത്ത മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തില്‍ ചർച്ചകള്‍ നടക്കുകയാണ്. ഇന്ന് ചേർന്ന രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ ഈ വിഷയം ചർച്ചയായെങ്കിലും അന്തിമ തീരുമാനം എടുത്തില്ല.
ഓരോ മന്ത്രിമാരോടും ആര് മുഖ്യമന്ത്രിയാകണമെന്ന കാര്യത്തില്‍ അരവിന്ദ് കെജ്രിവാള്‍ അഭിപ്രായം തേടിയെന്ന് മന്ത്രി സൗരഭ് ഭരദ്വാജ് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. നാളെ ചേരുന്ന യോഗത്തില്‍ എംഎല്‍എമാർ ഒരോരുത്തരോടും കെജ്രിവാള്‍ അഭിപ്രായം തേടുമെന്നും ഇത് പ്രകാരം നാളെ തന്നെ അടുത്ത മുഖ്യമന്ത്രി ആരാകണം എന്ന് തീരുമാനിക്കുമെന്നും സൗരഭ് ഭരദ്വാജ് അറിയിച്ചു.
അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടത് പോലെ ദില്ലിയില്‍ ഉടൻ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങള്‍ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് അടുത്ത മുഖ്യമന്ത്രിക്കായി എഎപി ആലോചന നടത്തുന്നത്. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനത്തിനു ശേഷം ദില്ലി രാഷ്ട്രീയം ചൂടു പിടിച്ചിരിക്കുകയാണ്. മന്ത്രിമാരായ അതിഷി മർലേന, ഗോപാല്‍ റായ്, കൈലാഷ് ഗലോട്ട് എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായുള്ളത്. കെജ്രിവാള്‍ ജയിലിലായപ്പോള്‍ സർക്കാരിന്റെ പ്രധാന ചുമതലകള്‍ വഹിച്ചത് അതിഷിയായിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?