'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്': കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, ബില്‍ ശീതകാല സമ്മേളനത്തില്‍

  • 18/09/2024

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനാണ് അംഗീകാരം നല്‍കിയത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ലോക്‌സഭാ,നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്‌ നടത്തുന്നത് സംബന്ധിച്ച്‌ പഠനം നടത്താനാണ് രാം നാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതാധികാര സമിതിക്ക് രൂപം നല്‍കിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്. രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നത് ചെലവ് ചുരുക്കാനും വികസനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് അധികാരികളുമായി കൂടിയാലോചിച്ച്‌ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു പൊതു വോട്ടര്‍ പട്ടികയും വോട്ടര്‍ ഐഡി കാര്‍ഡുകളും തയ്യാറാക്കാനും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.18 ഭരണഘടനാ ഭേദഗതികളും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ത്രിശങ്കുസഭ വരികയോ അവിശ്വാസ പ്രമേയത്തിലൂടെ സര്‍ക്കാര്‍ പുറത്താകുകയോ ചെയ്താല്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്താനാണു ശുപാര്‍ശ. എന്നാല്‍, തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന് അടുത്ത പൊതുതെരഞ്ഞെടുപ്പു വരെ മാത്രമാകും കാലാവധി.

Related News