രാഹുല്‍ ഗാന്ധി 'നമ്ബര്‍ വണ്‍ ഭീകരവാദി'യെന്ന വിവാദ പരാമര്‍ശം; കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടുവിനെതിരെ കേസെടുത്തു

  • 19/09/2024

ലോക്സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയെ ഭീകരവാദിയെന്ന് വിളിച്ച ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രവ്നീത് സിങ് ബിട്ടുവിനെതിരെ കേസെടുത്തു. കർണാടക കോണ്‍ഗ്രസിന്റെ പരാതിയില്‍ ബെംഗളൂരു പൊലീസാണ് കേസെടുത്തത്. യുഎസ് സന്ദർസനത്തിനിടെ സിഖ് സമുദായത്തെക്കുറിച്ചുള്ള രാഹുലിന്റെ പരാമർശം ചൂണ്ടിക്കാണിച്ചായിരുന്നു കേന്ദ്ര‌മന്ത്രിയുടെ വിമർശനം. രാഹുല്‍ ഗാന്ധിയാണ് നമ്ബർ വണ്‍ ഭീകരവാദിയെന്നും പിടികൂടുന്നവർക്ക് പ്രതിഫലം പ്രഖ്യാപിക്കണമെന്നും രവ്നീത് സിങ് ബിട്ടു പറഞ്ഞിരുന്നു. 

'രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനല്ല. അയാള്‍ ഒട്ടുമിക്ക സമയവും രാജ്യത്തിന് പുറത്താണ് ചിലവഴിക്കുന്നത്. തന്റെ രാജ്യത്തെ രാഹുല്‍ സ്നേഹിക്കുന്നില്ല. അതിനാലാണ് വിദേശത്ത് പോയി ഇന്ത്യയെ കുറിച്ച്‌ മോശമായി പറയുന്നത്. നേരത്തെ, അവർ മുസ്‌ലിംകളെ ഉപയോഗിക്കാൻ ശ്രമിച്ചു പക്ഷേ അത് നടന്നില്ല. ഇപ്പോള്‍ അവർ സിഖുകാരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. രാഹുല്‍ ഗാന്ധിക്ക് മുമ്ബ് രാജ്യത്തെ ഏറ്റവും കുപ്രസിദ്ധരായ ആളുകള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തിയിരുന്നു.

തീവ്രവാദികള്‍ പോലും രാഹുല്‍ ഗാന്ധിയുടെ പരാമർശത്തെ അഭിനന്ദിച്ചു. പിടികിട്ടാപ്പുള്ളികളും വിഘടനവാദികളും, ബോംബും തോക്കുമെല്ലാം നിർമിക്കുന്നവരുമാണ് രാഹുല്‍ ഗാന്ധി പറയുന്നതിനെ പിന്തുണയ്ക്കുന്നത്. അത്തരക്കാർ പിന്തുണയ്ക്കുമ്ബോള്‍, രാഹുല്‍ ഗാന്ധി രാജ്യത്തെ ഒന്നാം നമ്ബർ തീവ്രവാദിയാണ്'- രവ്‌നീത് സിങ് ബിട്ടുവിന്റെ വിവാദ പരാമർശം ഇങ്ങനെയാ‌യിരുന്നു. 

Related News