നൂക്ലിയര്‍ അറ്റാക്ക് അന്തര്‍വാഹിനികള്‍ മുതല്‍ അണ്ടര്‍വാട്ടര്‍ ഡ്രോണുകള്‍ വരെ; ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണയുമായി ഫ്രാൻസ്

  • 21/09/2024

സുപ്രധാനമായ ഇന്ത്യ-ഫ്രാൻസ് പ്രതിരോധ പങ്കാളിത്തം പുതിയ തലത്തിലേയ്ക്ക്. ന്യൂക്ലിയർ അറ്റാക്ക് അന്തർവാഹിനികളുടെ നിർമ്മാണത്തിന് ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും ഫ്രാൻസ് ഉറപ്പ് നല്‍കി. ഇതിന് പുറമെ, 110 കിലോ ന്യൂട്ടണ്‍ ത്രസ്റ്റ് എയർക്രാഫ്റ്റ് എഞ്ചിനുകള്‍ക്കും പൂർണ്ണ ശേഷിയുള്ള അണ്ടർവാട്ടർ ഡ്രോണുകള്‍ക്കുമുള്ള സാങ്കേതികവിദ്യ പൂർണമായും ഇന്ത്യയ്ക്ക് കൈമാറും. രണ്ട് ന്യൂക്ലിയർ അറ്റാക്ക് അന്ത‍ർവാഹിനികളുടെ ആവശ്യകത ഇന്ത്യൻ നാവികസേന അടുത്തിടെ കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പിന്തുണ അറിയിച്ച്‌ ഫ്രാൻസ് രംഗത്തെത്തിയിരിക്കുന്നത്. 

സെപ്റ്റംബർ 30 നും ഒക്ടോബർ 1 നും ഇടയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവല്‍ ബോണും തമ്മില്‍ പാരീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യങ്ങള്‍ ചർച്ചയാകുമെന്നാണ് റിപ്പോർട്ട്. പാരീസ് സന്ദ‍ർശനത്തിനിടെ അജിത് ഡോവലും ഇമ്മാനുവല്‍ മാക്രോണും തമ്മിലും കൂടിക്കാഴ്ച നടത്തിയേക്കും.

യുക്രൈൻ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ ഡോവല്‍ മാക്രോണിനെ ധരിപ്പിക്കും. ഈ മാസം റഷ്യ സന്ദർശിച്ച അജിത് ഡോവല്‍, ഓഗസ്റ്റ് 23ന് യുക്രൈൻ പ്രസിഡൻ്റ് വ്ലാഡിമർ സെലെൻസ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചകളെ കുറിച്ച്‌ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനോട് വിശദീകരിച്ചിരുന്നു. 

Related News