'ദൈവങ്ങളെയെങ്കിലും രാഷ്ട്രീയപ്പോരില്‍നിന്ന് ഒഴിവാക്കിക്കൂടേ?'; തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് രൂക്ഷ വിമര്‍ശനം

  • 30/09/2024

എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി ലഡു ഉണ്ടാക്കിയതെന്ന്, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു പ്രസ്താവന നടത്തിയതെന്ന് സുപ്രീം കോടതി. ദൈവങ്ങളെയെങ്കിലും രാഷ്ട്രീയപ്പോരില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭിപ്രായപ്പെട്ട കോടതി, വിഷയത്തില്‍ ചന്ദ്രബാബു നായിഡുവിനു നേരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. തിരുപ്പതി ലഡുവില്‍ മായം കലര്‍ത്തിയെന്ന ആക്ഷേപത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു, ജസ്റ്റിസ് ബിആര്‍ ഗവായിയും കെവി വിശ്വനാഥനും അടങ്ങിയ ബെഞ്ച്. 

തിരുപ്പതി ലഡുവില്‍ നിര്‍മ്മാണത്തിന് മായം കലര്‍ത്തിയ നെയ്യ് ഉപയോഗിച്ചതിന്റെ തെളിവ് എവിടെയെന്ന് സുപ്രീം കോടതി ആരാഞ്ഞു. വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കെ പൊതുപ്രസ്താവന ഇറക്കുന്നതിന്റെ ആവശ്യം എന്തിനായിരുന്നു? ഉന്നത ഭരണഘടനാ പദവി കൈകാര്യം ചെയ്യുന്നയാള്‍ ഇത്തരത്തില്‍ പെരുമാറിയതില്‍ കോടതി അതൃപ്തി അറിയിച്ചു.

'മുഖ്യമന്ത്രി എന്ന നിലയില്‍ ഭരണഘടനാ പദവി വഹിക്കുമ്ബോള്‍, നിങ്ങള്‍ ദൈവങ്ങളെ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വിഷയത്തില്‍ അന്വേഷണത്തിന് ഉത്തവിട്ടുണ്ടെങ്കില്‍ മാധ്യമങ്ങളെ സമീപിക്കുന്നതിന്റെ ആവശ്യം എന്തിനായിരുന്നുവെന്നും' കോടതി ചോദിച്ചു. കേസെടുക്കുന്നതിനും പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കുന്നതിനും മുന്പേ, കോടാനുകോടി വിശ്വാസികളെ ബാധിക്കുന്ന വിഷയത്തില്‍ പൊതു പ്രസ്താവന നടത്തുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് കോടതി വിമര്‍ശിച്ചു.

Related News