ഉത്തരവ് ലംഘിച്ച്‌ ബുള്‍ഡോസര്‍ രാജ്; കുടുംബങ്ങളുടെ പരാതിയില്‍ അസം സര്‍ക്കാരിന് സുപ്രിംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

  • 30/09/2024

അസമില്‍ ചട്ടങ്ങളും ഉത്തരവും ലംഘിച്ച്‌ നടത്തിയ ബുള്‍ഡോസർ രാജ് നടപടിയില്‍ സംസ്ഥാന ബിജെപി സർക്കാരിന് കോടതിയലക്ഷ്യ നോട്ടീസ് അയച്ച്‌ സുപ്രിംകോടതി. വീട് തകർക്കപ്പെട്ട, കാംരൂപ് മെട്രോപൊളിറ്റൻ ജില്ലയിലെ കചുതാലി ഗ്രാമത്തിലെയും പരിസരത്തേയും 47 കുടുംബങ്ങളുടെ ഹരജിയിലാണ് കോടതി നടപടി. രാജ്യത്ത് ബുള്‍ഡോസര്‍ രാജിന് തടയിട്ട സുപ്രിംകോടതി ഉത്തരവ് നിലനില്‍ക്കെയായിരുന്നു ബിജെപി സർക്കാർ ഈ കുടുംബങ്ങളുടെയടക്കം വീടുകള്‍ പൊളിച്ചുനീക്കിയത്.

കോടതി അനുമതിയില്ലാതെ വീടുകള്‍ പൊളിച്ചുനീക്കരുതെന്ന ഉത്തരവിന്റെ ലംഘനമാണ് ബിജെപി സർക്കാർ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബങ്ങള്‍ ഹരജി നല്‍കിയത്. നോട്ടീസിന് മൂന്ന് ആഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. അടുത്ത വാദം കേള്‍ക്കുന്നത് വരെ തല്‍സ്ഥിതി തുടരണമെന്നും കോടതി ഉത്തരവിട്ടു. 

സുപ്രിംകോടതി ഉത്തരവ് ലംഘിച്ച്‌ സംസ്ഥാന സർക്കാർ തങ്ങളുടെ വീടുകള്‍ തകർത്തു എന്നു മാത്രമല്ല, ഹരജികള്‍ തീർപ്പാക്കുന്നതുവരെ നടപടിയെടുക്കില്ലെന്ന് സെപ്തംബർ 20ന് അസം അഡ്വക്കേറ്റ് ജനറല്‍ ഗുവാഹത്തി ഹൈക്കോടതിക്ക് നല്‍കിയ ഉറപ്പും അധികൃതർ പാലിച്ചില്ലെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. 

Related News