'എസിയും സോഫയും കിടക്കയും കാണാനില്ല'; ഔദ്യോഗിക വസതി ഒഴിഞ്ഞ തേജസ്വിക്കെതിരെ ബിജെപി

  • 07/10/2024

പ്രതിപക്ഷ നേതാവിന്റെ വസതിയിലേയ്ക്ക് മാറിയ രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവിനെതിരെ ആരോപണങ്ങളുമായി ബിജെപി. ഔദ്യോഗിക വസതി ഒഴിഞ്ഞപ്പോള്‍ സോഫയും എസിയും കിടക്കകളുമുള്‍പ്പടെ പലതും കാണാനില്ലെന്നാണ് ബിജെപി ആരോപിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ നിഷേധിച്ച ആര്‍ജെഡി വ്യക്തമായ കണക്കുകള്‍ പുറത്തു വിടാന്‍ ബിജെപിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 

ഇരുപതിലധികം സ്പ്ലിറ്റ് എസികള്‍ കാണാനില്ല. ഓപ്പറേഷന്‍ റൂമില്‍ കമ്ബ്യൂട്ടറോ കസേരയോ ഇല്ല. അടുക്കളയില്‍ ഫ്രിഡ്ജില്ല. ചുവരുകളില്‍ നിന്ന് ലൈറ്റുകള്‍ ഊരിമാറ്റിയിട്ടുണ്ട്. നേരത്തെ രണ്ട് ഹൈഡ്രോളിക് ബെഡുകളും അതിഥികള്‍ക്കുള്ള സോഫാ സെറ്റുകളും എല്ലാം ഉണ്ടായിരുന്നുവെന്നാണ് ബിഹാറിന്റെ പുതിയ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ പേഴ്‌സണല്‍ സെക്രട്ടറി ശത്രുഘ്‌നന്‍ പ്രസാദ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയത്.

തേജസ്വി യാദവ് നേരത്തെ ഉപയോഗിച്ചിരുന്ന വസതിയിലേക്ക് നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി മാറിയതിന് പിന്നാലെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. സാമ്രാട്ട് ചൗധരിയുടെ പേഴ്സണല്‍ സെക്രട്ടറി ശത്രുഘ്നന്‍ പ്രസാദാണ് ഇതുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിച്ചിരിക്കുന്നത്. സോഫ, വാട്ടര്‍ ടാപ്പുകള്‍, വാഷ്ബേസിന്‍, ലൈറ്റുകള്‍, എസികള്‍, കിടക്കകള്‍ എന്നിവയെല്ലാം ഔദ്യോഗിക വസതിയില്‍ നിന്ന് കാണാതായെന്നാണ് ബിജെപി പറയുന്നത്.

Related News