ഹരിയാനയില്‍ ഫലം മരവിപ്പിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസിൻ്റെ പരാതി; വിമര്‍ശനവുമായി ഇന്ത്യ സഖ്യകക്ഷികള്‍

  • 09/10/2024

ഹരിയാനയില്‍ ഇരുപതോളം മണ്ഡലങ്ങളില്‍ ഇവിഎം ക്രമക്കേടുണ്ടായതായി കാണിച്ച്‌ കോണ്‍ഗ്രസ് തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഈ സീറ്റുകളിലെ ഫലം മരവിപ്പിച്ച്‌ പരിശോധിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇതിനിടെ കോണ്‍ഗ്രസ് നിലപാടിനോട് വിയോജിച്ച 'ഇന്ത്യ' മുന്നണിയിലെ സഖ്യ കക്ഷികള്‍ തോല്‍വിക്ക് കോണ്‍ഗ്രസിൻറെ ധാർഷ്ട്യം കാരണമായെന്ന് വിമർശിച്ചു.

ഹരിയാനയില്‍ വോട്ടെടുപ്പിനായി കൊണ്ടു വന്ന പല ഇവിഎമ്മുകളിലും 99 ശതമാനം ബാറ്ററി ചാർജ് കാണിച്ചു എന്ന പരാതിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനു മുമ്ബാകെ ഉന്നയിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞ മെഷീനുകളില്‍ എങ്ങനെ 99 ശതമാനം ചാർജ്ജ് കാണിക്കും എന്നാണ് കോണ്‍ഗ്രസ് ഉയർത്തിയ ചോദ്യം. നിരവധി സീറ്റുകളില്‍ ഇത്രയും ചാർജ്ജ് കാണിച്ച മെഷീനുകളില്‍ വോട്ട് ബിജെപിക്ക് പോയെന്നും കെസി വേണുഗോപാലിൻറെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

തോല്‍വിക്ക് കോണ്‍ഗ്രസ് ഇവിഎമ്മിനെ പഴിക്കുന്നതില്‍ പുതുമയില്ലെന്നാണ് ബിജെപി പ്രതികരിച്ചത്. കോണ്‍ഗ്രസ് വാദത്തോട് ഇന്ത്യ സഖ്യ കക്ഷികളും അകലം പാലിക്കുകയാണ്. കോണ്‍ഗ്രസിൻറെ ധാർഷ്ട്യവും മറ്റു കക്ഷികളെ അംഗീകരിക്കാത്ത നയവും തിരിച്ചടിയായെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആഞ്ഞടിച്ചു. അമിത ആത്മവിശ്വാസമാണ് കോണ്‍ഗ്രസിനെ തോല്‍പിച്ചതെന്ന് ശിവസേനയും പരസ്യമായി പ്രതികരിച്ചു.

Related News