ഹരിയാനയിലെ മന്ത്രിസഭ രൂപീകരണം തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പോകേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനം. പതിമൂന്ന് മണ്ഡലങ്ങളിലെ ഇ വി എമ്മുകളെ കുറിച്ചുള്ള പരാതി കൂടി കോണ്‍ഗ്രസ് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഇതുള്‍പ്പടെയുള്ള 20 സീറ്റുകളിലെ ഫലം അന്വേഷണം പൂർത്തിയാകുന്നത് വരെ മരവിപ്പിക്കണം എന്നാണ് കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ ഇക്കാര്യം ഉന്നയിച്ച് കോടതിയില്‍ പോകാനുള്ള നീക്കമാണ് ഇന്ന് കോണ്‍ഗ്രസ് ഉപേക്ഷിച്ചത്.
വിഷയത്തില്‍ കോടതി ഇടപെടാനുള്ള സാധ്യത കുറവാണെന്ന നിയമവിദഗ്ധർ നല്‍കിയ ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് വിവരം. കോടതി കേസ് തള്ളിയാല്‍ അത് കോണ്‍ഗ്രസ് നീക്കത്തിന് തിരിച്ചടിയാകും. അതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ തെളിവുകള്‍ എത്തിച്ച് സമ്മർദ്ദം ശക്തമാക്കാനാണ് ശ്രമം.
99 ശതമാനം ബാറ്ററി ചാർജ്ജ് കാണിച്ച മെഷീനുകളുടെ പട്ടികയാണ് കോണ്‍ഗ്രസ് തയ്യാറാക്കിയത്. ഇതോടൊപ്പം ബുത്ത് തലത്തിലെ കണക്കുകള്‍ രേഖപ്പെടുത്താനുള്ള ഫോം 17 സിയുമായി ഏജന്‍റുമാരെ പലയിടത്തും പ്രവേശിപ്പിക്കാത്തതും ക്രമക്കേടിന് ഉദാഹരണമായി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. ജാട്ട് സമുദായ വോട്ടുകള്‍ ചില മണ്ഡലങ്ങളില്‍ മാത്രമായി എങ്ങനെ സ്വതന്ത്രർക്ക് പോയെന്നാണ് പാർട്ടിയുടെ സംശയം. കോണ്‍ഗ്രസ് ആരോപണം തള്ളുന്ന മറുപടി തെരഞ്ഞെടുപ്പ് കമ്മീഷൻ വൈകാതെ തയ്യാറാക്കി നല്‍കും എന്നാണ് സൂചന
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?