കൊലപാതക കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പതിനൊന്ന് വർഷങ്ങള്‍ക്ക് ശേഷം വനമേഖലയില്‍ നിന്ന് ദില്ലി പൊലീസ് പിടികൂടി. 2013 ല്‍ ദില്ലിയെ ഞെട്ടിച്ച കൊലപാതകം നടത്തിയ ശേഷം മുങ്ങിയ ഇയാള്‍ ഇത്രയും കാലം ജാർഖണ്ഡിലെ വനമേഖലയിലായിരുന്നു ഒളിവില്‍ കഴിഞ്ഞത്. ദില്ലി തിലക് നഗറിലെ ക്വട്ടേഷൻ കൊലപാതക കേസിലെ പിടികിട്ടാപ്പുള്ളിയായിരുന്ന അൻപതുകാരൻ രാജു ബൻസാരിയാണ് ഒടുവില്‍ ദില്ലി പൊലീസിന്‍റെ വലയിലായത്.
പത്തുലക്ഷം രൂപയുടെ ക്വട്ടേഷൻ ഏറ്റെടുത്ത് ദില്ലി തിലക് നഗർ സ്വദേശിയെയാണ് രാജു ബൻസാരിയും സംഘവും 2013 ല്‍ കൊലപ്പെടുത്തിയത്. കേസില്‍ പിടിയിലായ ആറ് പേരെ നേരത്തെ കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍ ഒളിവില്‍ പോയ രാജു ബൻസാരിയെ കണ്ടെത്താൻ ഇത്രയും കാലം പൊലീസിന് സാധിച്ചിരുന്നില്ല. ജാർഖണ്ഡിലെ വനമേഖലയില്‍ ഇയാളുണ്ടെന്ന് ദില്ലി പൊലീസ് നേരത്തെ മനസിലാക്കിയിരുന്നു. എന്നാല്‍ പേരടക്കം മാറ്റി മാറ്റി ഇയാള്‍ വിവിധയിടങ്ങളിലേക്ക് ഒളിവ് ജീവിതം മാറ്റിക്കൊണ്ടിരുന്നത് വെല്ലുവിളിയായി.
2014 ല്‍ രാജു ബൻസാരിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും മെച്ചമൊന്നുമുണ്ടായില്ല. ജാർഖണ്ഡിലെയും ഛത്തീസ്ഗഡിലെയും വനമേഖലകളില്‍ മാറി മാറി ഇയാള്‍ താമസിക്കാൻ തുടങ്ങിയതോടെ അന്വേഷണവും നീണ്ടു. പതിനൊന്ന് വർഷമായി തുടരുന്ന അന്വേഷണത്തിന് ഒടുവില്‍ ദില്ലി ക്രൈം ബ്രാഞ്ചിന്‍റെ വലയില്‍ രാജു ബൻസാരി കുടുങ്ങുകയായിരുന്നു.
ആറാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള രാജു ബൻസാരി അവിവാഹിതനാണെന്ന് ദില്ലി ക്രൈംബ്രാഞ്ച് ഡി എസ് പി സഞ്ജയ് കുമാർ വ്യക്തമാക്കി. അടുത്ത ബന്ധുക്കള്‍ ആരും തന്നെ ഇല്ലാതിരുന്നതിനാല്‍ ഇയാള്‍ നാടുമായി ഒരു ബന്ധവും പുലർത്തിയിരുന്നില്ല. ഇത് അന്വേഷണത്തിന് വെല്ലുവിളിയായെന്നും ഒറ്റയ്ക്ക് കാട്ടില്‍ ജീവിക്കാൻ സഹായമായെന്നും ദില്ലി ക്രൈംബ്രാഞ്ച് ഡി എസ് പി വിവരിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?