ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ വീണ്ടും ഭീഷണി മുഴക്കി അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയി സംഘം. ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ ഒരാളാണ് മുംബൈ ട്രാഫിക് പൊലീസിന് ഭീഷണി സന്ദേശം അയച്ചത്.
ലോറന്‍സ് ബിഷ്ണോയി സംഘവുമായുള്ള ദീര്‍ഘകാല വൈരാഗ്യം പരിഹരിക്കാന്‍ നടന്‍ സല്‍മാന്‍ ഖാനോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് കൊണ്ടുള്ളതാണ് സന്ദേശം. സല്‍മാന്‍ പണം നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ അടുത്തിടെ വെടിയേറ്റ് മരിച്ച മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖിയുടേതിനേക്കാള്‍ മോശമായിരിക്കും നടന്റെ ഗതിയെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു.
'സല്‍മാന്‍ ഖാന്‍ ജീവിച്ചിരിക്കണമെങ്കില്‍ ലോറന്‍സ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കണം. വൈരാഗ്യം പരിഹരിക്കാന്‍ സല്‍മാന്‍ ഖാന്‍ അഞ്ചുകോടി നല്‍കണം. ഇത് നിസ്സാരമായി കാണരുത്, അല്ലാത്തപക്ഷം സല്‍മാന്‍ ഖാന്റെ അവസ്ഥ ബാബാ സിദ്ദിഖിയെക്കാള്‍ മോശമാകും,'- സന്ദേശത്തില്‍ പറയുന്നു. സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതിനിടെ, സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘം 25 ലക്ഷം രൂപയുടെ കരാര്‍ എടുത്തതായി നവി മുംബൈ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. മഹാരാഷ്ട്രയിലെ പന്‍വേലിലുള്ള ഫാം ഹൗസിന് സമീപം വെച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതി. അഞ്ചുപേരെയാണ് കൃത്യത്തിനായി നിയോഗിച്ചിട്ടുള്ളതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?