വൃത്തിഹീനമായ ശുചിമുറിയുടെ പേരില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷന്‍. തിരുപ്പതിയില്‍ നിന്ന് വിശാഖപട്ടണത്തേക്കുള്ള യാത്രയ്ക്കിടെ പ്രയാസം അനുഭവപ്പെട്ട യാത്രക്കാരന് ഇന്ത്യന്‍ റെയില്‍വേ 30,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. വൃത്തിഹീനമായ ശുചിമുറിയും ആവശ്യത്തിനുള്ള വെള്ളത്തിന്റെ ലഭ്യതക്കുറവും കാരണം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ നേരിട്ടെന്ന യാത്രക്കാരന്റെ പരാതിയിലാണ് നടപടി.
തിരുമല എക്‌സ്പ്രസില്‍ എസി കോച്ചില്‍ കുടുംബത്തിനൊപ്പം യാത്ര ചെയ്ത വി മൂര്‍ത്തിയാണ് പരാതിക്കാരന്‍. തേഡ് എസിയില്‍ പരാതിക്കാരന്‍ നാല് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നു. 2023 ജൂണ്‍ 5 നാണ് മൂര്‍ത്തിയും കുടുംബവും തിരുപ്പതി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ കയറിയത്. യാത്രയ്ക്കിടെ ശുചിമുറി ഉപയോഗിക്കാന്‍ പോയപ്പോള്‍ ശുചി മുറി വൃത്തിഹീനവും വെള്ളവുമില്ലാത്ത നിലയിലായിരുന്നു. കൂടാതെ, എസി ശരിയായി പ്രവര്‍ത്തിച്ചിരുന്നില്ല. മൂര്‍ത്തി ഈ വിഷയങ്ങള്‍ ദുവ്വാഡയിലെ റെയില്‍വേ ഓഫീസില്‍ അറിയിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല.
തെറ്റായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് മൂര്‍ത്തിയുടെ പരാതിയെന്നൊയിരുന്നു റെയില്‍വേയുടെ അവകാശവാദം. റെയില്‍വേയുടെ സേവനം ഉപയോഗിച്ച് പരാതിക്കാരനും കുടുംബവും സുരക്ഷിതമായ യാത്ര പൂര്‍ത്തിയാക്കിയതായി റെയില്‍വേ വാദിച്ചു. യാത്രക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം പോലും നല്‍കുന്നതില്‍ ഇന്ത്യന്‍ റെയില്‍വേ പരാജയപ്പെട്ടുവെന്ന് ഉപഭോക്തൃ കമ്മീഷന്‍ കുറ്റപ്പെടുത്തി. യാത്രക്കാര്‍ക്ക് സുഖപ്രദമായ യാത്ര വാഗ്ദാനം ചെയ്യുന്നതിനാല്‍ ടോയ്ലറ്റുകള്‍, എസിയുടെ പ്രവര്‍ത്തനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ റെയില്‍വേ ബാധ്യസ്ഥരാണെന്ന് വിശാഖപട്ടണം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?