ഗോത്രവര്‍ഗക്കാരുടെ പെണ്‍മക്കളെ നുഴഞ്ഞുകയറ്റക്കാര്‍ വശീകരിച്ച്‌ വിവാഹംചെയ്യുന്നു, അവര്‍ സുരക്ഷിതരല്ല; അമിത് ഷാ

  • 03/11/2024

അതിർത്തിയിലെ ഗോത്രവർഗക്കാരുടെ പെണ്‍മക്കളെ നുഴഞ്ഞുകയറ്റക്കാര്‍ വശീകരിച്ച്‌ വിവാഹം ചെയ്യുകയാണെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഝാര്‍ഖണ്ഡിലെ സാന്താള്‍ പര്‍ഗാനയിലെ ഗോത്രവര്‍ഗക്കാരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഇതിന് കാരണം നുഴഞ്ഞുകയറ്റക്കാര്‍ പെണ്‍കുട്ടികളെ വശീകരിച്ച്‌ വിവാഹം കഴിക്കുന്നതാണെന്നും അമിത്ഷാ ആരോപിച്ചു. റാഞ്ചിയില്‍ ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് സംസാരിക്കവെയാണ് അമിത്ഷായുടെ പ്രതികരണം.

ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്റെ സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത് സംസ്ഥാനത്തെ ഗോത്രവര്‍ഗക്കാര്‍ സുരക്ഷിതരായിരുന്നില്ലെന്നും അമിത്ഷാ കുറ്റപ്പെടുത്തി. സാന്താള്‍ പര്‍ഗാനയിലെ ഗോത്രവര്‍ഗക്കാരുടെ എണ്ണം തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നുഴഞ്ഞു കയറ്റക്കാര്‍ ഇവിടെ വരികയും നമ്മുടെ പെണ്‍മക്കളെ വശീകരിച്ച്‌ വിവാഹം ചെയ്ത് ഭൂമി കൈവശപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ ഝാര്‍ഖണ്ഡിന്റെ സംസ്‌കാരം, തൊഴില്‍, ഭൂമി, പെണ്‍മക്കള്‍ എന്നിവയൊന്നും ഇവിടെ സുരക്ഷിതമായിരിക്കില്ല.

ഝാര്‍ഖണ്ഡില്‍ ബി.ജെ.പി. അധികാരത്തിലെത്തിയാല്‍ ഭൂമി, മകള്‍, ഭക്ഷണം എന്നിവയ്ക്ക് സംരക്ഷണം ബിജെപി ഉറപ്പാക്കും. അതാണ് ബിജെപിയുടെ മുദ്രാവാക്യമെന്നും അമിത് ഷാ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്ന ജെ.എം.എമ്മിനെ വേണോ അതോ, അനധികൃത അതിര്‍ത്തി കടക്കല്‍ തടയുന്ന ഭാരതീയ ജനതാ പാർട്ടിയെ വേണോ എന്ന് ഝാര്‍ഖണ്ഡിലെ വോട്ടര്‍മാര്‍ തീരുമാനിക്കണമെന്നും ഷാ കൂട്ടിച്ചേര്‍ത്തു. ജാർഖണ്ഡിലെ ജനങ്ങള്‍, പ്രത്യേകിച്ച്‌ പിന്നോക്ക വിഭാഗങ്ങളും ദരിദ്രരും ആദിവാസികളുമൊക്കെ വലിയ പ്രതീക്ഷയോടെയാണ് ബിജെപിയുടെ പ്രകടന പത്രികയെ നോക്കിക്കാണുന്നതെന്നും അമിത്ഷാ പറഞ്ഞു.

Related News