'ഇത് ശരിയാകില്ല', കേന്ദ്രമന്ത്രിക്ക് മലയാളത്തില്‍ പ്രതിഷേധ കത്തയച്ച്‌ ബ്രിട്ടാസ്! കാരണം 'ഉത്തരമെല്ലാം ഹിന്ദിയില്‍'

  • 03/11/2024

കേന്ദ്രമന്ത്രിയുടെ ഉത്തരങ്ങളെല്ലാം ഹിന്ദിയില്‍ മാത്രമാകുന്നതില്‍ പ്രതിഷേധം വ്യക്തമാക്കി ജോണ്‍ ബ്രിട്ടാസ് എം പി മലയാളത്തില്‍ കത്തയച്ചു. ഹിന്ദിയില്‍ മാത്രം ഉത്തരം നല്‍കുന്നത് ബുദ്ധിമുട്ടാണെന്ന ദക്ഷിണേന്ത്യയില്‍ നിന്നുള്ള എം പിമാരുടെ പ്രതിഷേധത്തിന്‍റെ തുടർച്ചയായാണ് ബ്രിട്ടാസും രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദിയില്‍ മാത്രം ഉത്തരം നല്‍കുന്ന രീതി മാറ്റണമെന്ന ആവശ്യമാണ് ബ്രിട്ടാസ് പ്രതിഷേധത്തിലൂടെ മുന്നോട്ട് വച്ചിരിക്കുന്നത്.

കേന്ദ്ര റെയില്‍വേ സഹമന്ത്രി രവനീത് സിംഗ് ബിട്ടുവിനാണ് ബ്രിട്ടാസ് മലയാളത്തില്‍ കത്തയച്ചത്. റെയില്‍വേ മന്ത്രാലയത്തില്‍ നിന്നുള്ള ഉത്തരങ്ങളെല്ലാം മന്ത്രി ഹിന്ദിയില്‍ മാത്രം നല്‍കിയാല്‍ പോരെന്ന് ബ്രിട്ടാസ് മലയാളത്തിലെ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. താങ്ങളുടെ മറുപടി കത്തുകള്‍ വായിച്ചു മനസിലാക്കാന്‍ ഇനി ഹിന്ദി ഭാഷ പഠിക്കുക സാധ്യമല്ലെന്നാണ് ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കുന്നത്.

മലയാളത്തിലുള്ള ഈ കത്ത് വായിക്കാൻ താങ്കള്‍ നേരിടുന്ന ബുദ്ധിമുട്ടാണ് എനിക്ക് ഹിന്ദിയിലുള്ള താങ്കളുടെ മറുപടികള്‍ വായിക്കാനും ഉണ്ടാകുന്നതെന്ന് മനസിലാക്കാനാണ് മലയാളത്തില്‍ കത്തയച്ചതെന്നും ബ്രിട്ടാസ് വിവരിച്ചിട്ടുണ്ട്. കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്സിലൂടെ ബ്രിട്ടാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Related News