ഷൊര്‍ണൂര്‍ ട്രെയിൻ അപകടം; മരിച്ചവരുടെ കുടുംബങ്ങളെ ചേര്‍ത്തുപിടിച്ച്‌ സ്റ്റാലിൻ സര്‍ക്കാര്‍, 3 ലക്ഷം സഹായം നല്‍കും

  • 03/11/2024

കേരളത്തിലെ ഷൊർണൂരിന് സമീപം ട്രെയിൻ അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങളെ ചേര്‍ത്തുപിടിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍. സേലം ജില്ലയിലെ ശുചീകരണത്തൊഴിലാളികളുടെ കുടുംബങ്ങളെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുശോചനം അറിയിക്കുകയും ദുരിതാശ്വാസ ഫണ്ട് നല്‍കാൻ ഉത്തരവിടുകയും ചെയ്തു. മരിച്ച നാല് പേരുടെയും കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം നല്‍കാനാണ് ഉത്തരവ്. 

നാല് പേര്‍ മരണപ്പെട്ട ഷൊർണൂർ ട്രെയിൻ അപകടത്തില്‍ റെയില്‍വെയുടെ ഭാഗത്ത് സുരക്ഷാ വീഴ്ചയില്ലെന്നാണ് പാലക്കാട് റെയില്‍വെ ഡിവിഷൻ പ്രതികരിച്ചത്. ശുചീകരണ തൊഴിലാളികള്‍ ട്രാക്കിലൂടെ നടന്നത് പിഴവാണെന്നും ട്രാക്കിന് തൊട്ടടുത്തുള്ള റോഡ് ഉപയോഗിച്ചില്ലെന്നും റെയില്‍വെ കുറ്റപ്പെടുത്തി. ട്രാക്കിലൂടെ നടക്കുന്നതിന് മുമ്ബ് ആർപിഎഫിന്‍റെ അനുമതി വാങ്ങിയില്ലെന്നും തൊഴിലാളികള്‍ നടന്ന പാളത്തില്‍ ട്രെയിനുകള്‍ക്ക് വേഗ പരിധിയില്ലെന്നും റെയില്‍വെ പറയുന്നു. 

തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ കരാറുകാരന് വീഴ്ച പറ്റിയെന്ന് കുറ്റപ്പെടുത്തി ശുചീകരണ കരാർ തന്നെ റെയില്‍വെ റദ്ദാക്കി. മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം റെയില്‍വെ നല്‍കുമെന്നും അറിയിച്ചു. റെയില്‍വേ കരാർ തൊഴിലാളികളും സേലം അയോധ്യപട്ടണം സ്വദേശികളുമായ ലക്ഷ്മണൻ (60), ഭാര്യ വള്ളി (55), അയോധ്യപട്ടണം സ്വദേശിയായ റാണി (45), റാണിയുടെ ഭര്‍ത്താവ് ലക്ഷ്മണൻ (48) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. 

Related News