പാലക്കാട് മാത്രമല്ല, ആകെ 14 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തിയ്യതിയില്‍ മാറ്റം

  • 05/11/2024

പാലക്കാട് മാത്രമല്ല ആകെ 14 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നവംബർ 20ലേക്ക് മാറ്റി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ അഭ്യർത്ഥന കണക്കിലെടുത്താണ് വോട്ടെടുപ്പ് നവംബർ 13ല്‍ നിന്ന് 20ലേക്ക് മാറ്റിയത്. കേരളത്തിലെ ഒരു നിയമസഭാ മണ്ഡലത്തിലെയും ഉത്തർപ്രദേശിലെ ഒമ്ബതും പഞ്ചാബിലെ നാലും മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തിയ്യതിയിലാണ് മാറ്റമുള്ളത്.

മതപരവും സാംസ്കാരികവുമായ വിവിധ ചടങ്ങുകള്‍ പരിഗണിച്ചാണ് വോട്ടെടുപ്പ് തിയ്യതി പുനഃക്രമീകരിച്ചത്. പാലക്കാട്ടെ വോട്ടെടുപ്പ് മാറ്റിയത് കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്താണ്. ഉത്തർപ്രദേശില്‍ കാർത്തിക പൂർണിമ ആഘോഷവും പഞ്ചാബില്‍ ഗുരുനാനാക്ക് ദിനാചരണവും പരിഗണിച്ച്‌ വോട്ടെടുപ്പ് തിയ്യതി മാറ്റണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ആഘോഷങ്ങളും മതപരമായ ചടങ്ങുകളും നടക്കുമ്ബോള്‍ വോട്ട് രേഖപ്പെടുത്താൻ ജനങ്ങള്‍ക്ക് അസൌകര്യമുണ്ടാകുമെന്നും ഇത് പോളിങ് ശതമാനത്തെ ബാധിക്കുമെന്നുമാണ് പാർട്ടികള്‍ ഇലക്ഷൻ കമ്മീഷനെ അറിയിച്ചത്. കോണ്‍ഗ്രസ്, ബിജെപി, ബിഎസ്പി, ആർഎല്‍ഡി തുടങ്ങിയ സംഘടനകളാണ് വോട്ടെടുപ്പ് മാറ്റണമെന്ന് രേഖാമൂലം ആവശ്യമുന്നയിച്ചത്. 

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടത്തോടൊപ്പം വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും 47 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് നവംബർ 13 ന് നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇതില്‍ നിന്നും 14 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് നവംബർ 20ലേക്ക് മാറ്റിയത്.

Related News