ഉത്തർപ്രദേശിലെ ഝാൻസി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീ ആളിപ്പടർന്നപ്പോള്‍ യാക്കൂബ് മൻസൂരി എന്ന യുവാവ് തീയിലേക്ക് എടുത്തുചാടി രക്ഷിച്ചത് ഏഴ് കുഞ്ഞുങ്ങളെയാണ്. ആ തീപിടിത്തത്തില്‍ യാക്കൂബിന്‍റെ ഇരട്ടക്കുഞ്ഞുങ്ങള്‍ വെന്തുമരിച്ചു. ആ രാത്രിയില്‍ അച്ഛനെന്ന നിലയില്‍ താൻ അനുഭവിച്ച നിസ്സഹായത ഓർത്ത് ഇനിയുള്ള കാലം നീറിക്കഴിയേണ്ടി വരുമെന്ന് യാക്കൂബ് കണ്ണീരോടെ പറഞ്ഞു.
ദുരന്തമുണ്ടായ വെള്ളിയാഴ്‌ച രാത്രി ഝാൻസി മെഡിക്കല്‍ കോളേജിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിന് പുറത്ത് ഉറങ്ങുകയായിരുന്നു യാക്കൂബ് മൻസൂരി. അവിടെ അദ്ദേഹത്തിന്‍റെ ഇരട്ടക്കുട്ടികളായ പെണ്‍കുഞ്ഞുങ്ങളെ പ്രവേശിപ്പിച്ചിരുന്നു. ഭാര്യ നസ്മയ്‌ക്കൊപ്പം യാക്കൂബ് കുഞ്ഞുങ്ങള്‍ക്ക് കാവലിരുന്നു. പൊടുന്നനെയാണ് കുഞ്ഞുങ്ങളുടെ ഐസിയുവില്‍ തീ ആളിപ്പരുന്നത് കണ്ടത്.
സ്വന്തം സുരക്ഷയൊന്നും നോക്കാതെ ജനല്‍ തകർത്ത് ഉള്ളില്‍ പ്രവേശിച്ച് കയ്യില്‍ കിട്ടിയ കുഞ്ഞുങ്ങളുമായി യാക്കൂബ് പുറത്തേക്ക് ഓടി. അങ്ങനെ ഏഴ് കുഞ്ഞുങ്ങളെ അദ്ദേഹം പുറത്തെത്തിച്ചു, സ്വന്തം കുഞ്ഞുങ്ങളെ തെരഞ്ഞുപിടിച്ച് രക്ഷിക്കാനല്ല അദ്ദേഹം ശ്രമിച്ചത്. ഓരോ കുഞ്ഞുജീവനും വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ യാക്കൂബ് കണ്‍മുന്നില്‍ക്കണ്ട കുഞ്ഞുങ്ങളെ മുഴുവൻ പുറത്തെത്തിക്കുകയായിരുന്നു.
എന്നാല്‍ യാക്കൂബ് രക്ഷിച്ച കുഞ്ഞുങ്ങളുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്‍റെ ഇരട്ടക്കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നില്ല. ആ കുഞ്ഞുങ്ങളുടെ ജീവൻ തീപിടിത്തത്തില്‍ പൊലിഞ്ഞു. അടുത്ത ദിവസമാണ് കുഞ്ഞുങ്ങളുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അതുവരെ ആശുപത്രിക്ക് പുറത്ത് നിറകണ്ണുകളോടെ യാക്കൂബും ഭാര്യയുമിരുന്നു. മക്കളെ കിടത്തിയിരുന്ന വാർഡില്‍ തീ ആളിപ്പടർന്നതിനാല്‍ പ്രവേശിക്കാനായില്ലെന്ന് യാക്കൂബ് പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?