'കൃത്രിമ മഴയാണ് ആവശ്യം; ഇടപെടാനുള്ള ധാര്‍മിക ബാധ്യത പ്രധാനമന്ത്രിക്കാണ്', കേന്ദ്രാനുമതി തേടി ഡല്‍ഹി സര്‍ക്കാര്‍

  • 19/11/2024

ഡല്‍ഹിയിലെ മലിനീകരണ തോത് ഭയാനകമാംവിധം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര യോഗം വിളിക്കണമെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ചൊവ്വാഴ്ച കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു. സംസ്ഥാനത്ത് കൃത്രിമ മഴ പെയ്യിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും ഗോപാല്‍ റായ് കേന്ദ്രത്തിനയച്ച കത്തില്‍ പറയുന്നു.

പുകമഞ്ഞ് ഉത്തരേന്ത്യയെ മൂടിയിരിക്കുന്നു. പുകമഞ്ഞില്‍ നിന്ന് മുക്തി നേടാനുള്ള ഏക പരിഹാരം കൃത്രിമ മഴയാണ്. ഇതൊരു മെഡിക്കല്‍ എമര്‍ജന്‍സിയാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി മോദി ഇടപെടണം. പ്രവര്‍ത്തിക്കേണ്ടത് അദ്ദേഹത്തിന്റെ ധാര്‍മിക ഉത്തരവാദിത്തമാണ്. മലിനീകരണം നിയന്ത്രിക്കാന്‍ കേന്ദ്രം നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ്, സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലായി നാല് കത്തുകള്‍ അയച്ചിട്ടും കൃത്രിമ മഴ പെയ്യിക്കുന്നതിനെക്കുറിച്ച്‌ ഒരു യോഗം പോലും വിളിച്ചിട്ടില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെതിരെയും ഗോപാല്‍ റായ് ആരോപണമുന്നയിച്ചു. കൃത്രിമ മഴയെക്കുറിച്ച്‌ യോഗം വിളിക്കാന്‍ പ്രധാനമന്ത്രി പരിസ്ഥിതി മന്ത്രിയോട് ആവശ്യപ്പെടമെന്ന നിര്‍ദേശവും അദ്ദേഹം പങ്കുവെച്ചു.

Related News