പരമാവധി ആളുകള്‍ സിനിമ കാണട്ടെ, മധ്യപ്രദേശില്‍ 'സബര്‍മതി റിപ്പോര്‍ട്ടി'ന്‌ നികുതി ഒഴിവാക്കി

  • 19/11/2024

ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ച സംഭവത്തെ ആസ്പദമാക്കിയുള്ള സബര്‍മതി റിപ്പോര്‍ട്ട് എന്ന സിനിമയ്ക്കു വിനോദ നികുതി ഒഴിവാക്കി മധ്യപ്രദേശ് സര്‍ക്കാര്‍. സബര്‍മതി സിനിമ വളരെ മികച്ചതാണെന്നും താനും കാണാന്‍ പോകുമെന്നും തീരുമാനം അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു. ധീരജ് സര്‍ണ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗുജറാത്തില്‍ വര്‍ഗീയ കലാപത്തിന് കാരണമായ 2002ലെ ഗോധ്ര ട്രെയിന്‍ കത്തിച്ച സംഭവത്തെ ചുറ്റിപ്പറ്റിയാണ്. 

എല്ലാ മന്ത്രിമാരോടും എംഎല്‍എമാരോടും എംപിമാരോടും ഈ സിനിമ കാണാന്‍ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നികുതി രഹിതമാക്കുന്നതോടുകൂടി പരമാവധി ആളുകള്‍ക്ക് സിനിമ കാണാന്‍ കഴിയും. ഗോധ്ര സംഭവം പോയ കാലത്തിന്റെ ഇരുണ്ട അധ്യായമാണെന്നും സിനിമയിലൂടെ സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു പരിമിത കാലത്തേക്ക് മാത്രമേ നുണകള്‍ക്ക് നിലനില്‍ക്കാന്‍ കഴിയൂ എന്ന് പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം എക്‌സില്‍ കുറിച്ചിരുന്നു. 59 പേര്‍ കൊല്ലപ്പെട്ട ഗോധ്ര സംഭവത്തിന്റെ സത്യാവസ്ഥ ഇതോടെ പുറത്തുകൊണ്ടുവന്നതായി മധ്യപ്രദേശ് ക്യാബിനറ്റ് മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. രാജ്യത്തെ ഭൂരിപക്ഷ സമുദായത്തെ അപകീര്‍ത്തിപ്പെടുത്താനും തെറ്റിദ്ധരിപ്പിക്കാനും കോണ്‍ഗ്രസ് ചരിത്രത്തെ വളച്ചൊടിക്കുകയായിരുന്നു. ലോകമെമ്ബാടും ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ഒരു കഥയ തയ്യാറാക്കിയിരുന്നുവെന്ന് സിനിമയില്‍ കാണിച്ചിരിക്കുന്ന വസ്തുതകള്‍ മനസിലാക്കി തരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Related News