'ദിവസം മുഴുവൻ വോട്ടെടുപ്പ് നടന്നിട്ടും ഇവിഎമ്മില്‍ 99% ബാറ്ററി'; ഭര്‍ത്താവിന്‍റെ തോല്‍വിക്ക് പിന്നാലെ സ്വര ഭാസ്കര്‍

  • 23/11/2024

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീൻ ക്രമക്കേടെന്ന ആരോപണവുമായി നടി സ്വര ഭാസ്കർ. അനുശക്തി നഗർ മണ്ഡലത്തില്‍ സ്വരയുടെ ഭർത്താവ് ഫഹദ് അഹമ്മദ് പരാജയപ്പെട്ടതിന് പിന്നാലെയാണ് സ്വരയുടെ ആരോപണം. ശരദ് പവാറിന്‍റെ എൻസിപിയുടെ സ്ഥാനാർത്ഥിയായാണ് ഫഹദ് അഹമ്മദ് മത്സരിച്ചത്. അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപിയുടെ സ്ഥാനാർത്ഥി സന മാലിക്കാണ് ഈ മണ്ഡലത്തില്‍ വിജയിച്ചത്.

17 റൗണ്ട് വരെ മുൻപിലായിരുന്ന ഫഹദ് അഹമ്മദ് പിന്നീട് പിറകില്‍ പോയതിനെയാണ് സ്വര ഭാസ്കർ ചോദ്യംചെയ്യുന്നത്. ദിവസം മുഴുവൻ വോട്ടെടുപ്പ് നടന്നിട്ടും ഇവിഎമ്മുകളില്‍ 99 ശതമാനം ബാറ്ററി എങ്ങനെയുണ്ടായെന്നാണ് സ്വരയുടെ ചോദ്യം. 99 ശതമാനം ബാറ്ററിയുള്ള എല്ലാ വോട്ടിംഗ് മെഷീനിലെയും വോട്ടുകള്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും കിട്ടുന്നതെന്തു കൊണ്ടെന്നും സ്വര ചോദിക്കുന്നു.

ബിജെപി കൃത്രിമം കാണിച്ചെന്നും വീണ്ടും വോട്ടെണ്ണണമെന്നും ഫഹദ് അഹമ്മദ് ആവശ്യപ്പെട്ടു. 17, 18, 19 റൌണ്ടുകളില്‍ 99 ശതമാനം ബാറ്ററി ചാർജുള്ള വോട്ടിംഗ് മെഷീനുകള്‍ തുറന്നപ്പോഴാണ് ബിജെപി പിന്തുണയുള്ള അജിത് പവാറിന്‍റെ എൻസിപിയുടെ സ്ഥാനാർത്ഥി മുന്നിലെത്തിയതെന്ന് ഫഹദ് പറയുന്നു. 99 ശതമാനം ചാർജുള്ള ഇവിഎമ്മുകളില്‍ സന മാലിക് മുന്നിട്ടുനില്‍ക്കുന്നതായും എന്നാല്‍ ബാറ്ററി ചാർജ് കുറവുള്ള ഇവിഎമ്മുകളില്‍ അവർ പിന്നിലാണെന്നും ഫഹദ് ആരോപിച്ചു.

Related News