കർണാടകയില്‍ വനിതാ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്. കർണാടക ഭോവി ഡവലപ്മെന്റ് കോർപറേഷൻ തട്ടിപ്പിന്റെ പേരില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥയില്‍ നിന്നുണ്ടായ മോശം അനുഭവങ്ങളാണ് മുപ്പത്തിമൂന്നുകാരിയായ എസ്. ജീവ എന്ന യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് (സിഐഡി) ഡെപ്യൂട്ടി എസ്പി കനകലക്ഷ്മിക്കെതിരെ ബെംഗളൂരു പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജീവയുടെ മരണത്തിന് ഉത്തരവാദി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കനകലക്ഷ്മിയാണെന്ന് ആരോപിച്ച് ജീവയുടെ സഹോദരി എസ് സംഗീത പൊലീസില്‍ പരാതി നല്‍കിയിരുന്നു. സയനൈഡ് ഉണ്ടെന്ന് ആരോപിച്ച് വസ്ത്രം അഴിപ്പിച്ചു പരിശോധിച്ചു, 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു, ബെംഗളൂരുവിലെ തടിക്കടയില്‍ ജീവയുമായി പോയി പരിശോധന നടത്തുകയും ജീവനക്കാരുടെ മുന്നില്‍ വെച്ച് അപമാനിക്കുകയും ചെയ്തു, വീഡിയോ കോണ്‍ഫറൻസിംഗിലൂടെ എസ് ജീവയെ ചോദ്യം ചെയ്യാൻ കർണാടക ഹൈക്കോടതി അനുമതി നല്‍കിയെങ്കിലും നേരിട്ട് വിളിപ്പിച്ചു, ജീവ സമർപ്പിച്ച രേഖകള്‍ സ്വീകരിക്കാൻ വിസമ്മതിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ ഉയർന്നിരിക്കുന്നത്.
നവംബർ 22നാണ് ജീവയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 11 പേജുകളുള്ള ജീവയുടെ ആത്മഹത്യ കുറിപ്പില്‍ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് ഉദ്യോഗസ്ഥയ്ക്ക് എതിരെയും പൊലീസ് സ്റ്റേഷനില്‍ നേരിട്ട അപമാനത്തെ കുറിച്ചും പരാമർശങ്ങളുണ്ടായിരുന്നു. കർണാടക ഭോവി ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ അഴിമതി കേസിലെ പ്രതികളിലൊരാളാണ് എസ്. ജീവ. 97 കോടി രൂപയുടെ അനധികൃത ഇടപാട് നടന്നിട്ടുണ്ടെന്നാണ് ആരോപണം. കനകലക്ഷ്മി സംഭവത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിശദമായ അന്വേഷണം നടക്കുകയാണെന്നാണ് മേലുദ്യോഗസ്ഥർ പറയുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?