മുഖ്യമന്ത്രി ഫട്നാവിസ് തന്നെ, ഷിൻഡെക്ക് എതിര്‍പ്പില്ല; 3 ആവശ്യങ്ങള്‍ അമിത് ഷാക്ക് മുന്നില്‍ വച്ച്‌ ശിവസേന

  • 28/11/2024

മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനം ബി ജെ പി നേതാവ് ദേവന്ദ്ര ഫഡ്നവീസിന് തന്നെ ലഭിക്കുമെന്ന് ഏറക്കുറെ വ്യക്തമാകുന്നു. മുഖ്യമന്ത്രിയായി ഫട്നാവിസ് വരുന്നതിനെ ഏകനാഥ് ഷിൻഡെ എതിർത്തിട്ടില്ലെന്നാണ് വിവരം. മഹാരാഷ്ട്രയിലെ മന്ത്രിസഭ ചർച്ച വഴിമുട്ടിയത് മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച്‌ തർക്കത്തിലാണ്. അമിത് ഷായും ഏക്‌നാഥ് ഷിൻഡെയും തമ്മില്‍ നടത്തിയ ചർച്ചയില്‍ ഷിൻഡെ 3 ആവശ്യങ്ങള്‍ ഷായുടെ മുന്നില്‍ വെച്ചത്.

കാബിനറ്റും സഹമന്ത്രിയും ഉള്‍പ്പെടെ 12 മന്ത്രിസ്ഥാനങ്ങള്‍ ശിവസേനയ്ക്ക് വേണമെന്നതാണ് ഒന്നാമത്തെ ആവശ്യം. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയർമാൻ സ്ഥാനം ശിവസേനയ്ക്ക് ലഭിക്കണമെന്നതാണ് രണ്ടാമത്തെ ആവശ്യം. ആഭ്യന്തര, നഗരവികസന മന്ത്രി ശിവസേനയില്‍ നിന്നായിരിക്കണം എന്നതാണ് മറ്റൊരു ആവശ്യം. ഇക്കാര്യത്തില്‍ അമിത് ഷാ എന്ത് നിലപാടാണ് അറിയിച്ചതെന്ന കാര്യം വ്യക്തമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി ജെ പി കേന്ദ്ര നേതൃത്വത്തിന്‍റെയും തീരുമാനമാകും ഇക്കാര്യത്തില്‍ നിർണായകം.

അതേസമയം ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച്‌ യോഗത്തില്‍ ചർച്ചയായില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാൻ ഇന്ന് മുംബൈയില്‍ മഹായുതി യോഗം ചേരും. യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട ഏക് നാഥ് ഷിൻഡെ, മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തിന്‍റെ കാര്യത്തില്‍ വൈകാതെ തീരുമാനമുണ്ടാകുമെന്ന് അറിയിച്ചു. മുംബൈ യോഗത്തില്‍ ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് ഷിൻഡെ വ്യക്തമാക്കിയത്. ഏത് തീരുമാനത്തിനും ഒപ്പം നില്‍ക്കുമെന്ന് പ്രധാനമന്ത്രിക്ക് വാക്കു കൊടുത്തെന്നും ഷിൻഡെ അറിയിച്ചു.

Related News