മഹാകുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ച്‌ യുപി സര്‍ക്കാര്‍

  • 02/12/2024

മഹാകുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ച്‌ ഉത്തർപ്രദേശ് സർക്കാർ. മഹാകുംഭമേള ജില്ല എന്നാണ് പുതിയ ജില്ലയുടെ പേര്. മഹാകുംഭമേള മികച്ച രീതിയില്‍ നടത്തുന്നതിനുവേണ്ടിയാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തെന്നാണ് സർക്കാരിന്റെ വിശദീകരണം. 

പുതിയതായി രൂപീകരിക്കുന്ന ജില്ലയില്‍ കുംഭമേള സമയത്തുള്ള തയ്യാറെടുപ്പുകള്‍ക്കും സേവനങ്ങള്‍ക്കുമായി പ്രത്യേക അഡ്മിനിസ്ട്രേറ്റീവ് സംഘവും ഉണ്ടായിരിക്കും. ഭക്തർക്ക് മികച്ച സേവനങ്ങള്‍ ഉറപ്പാക്കുന്നതിനു വേണ്ടിയണ് സർക്കാർ പുതിയ ജില്ല രൂപീകരിച്ചതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 12 വർഷത്തിലൊരിക്കല്‍ നടക്കുന്ന മഹാ കുംഭമേളയില്‍ പങ്കെടുക്കാൻ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ലോകമെമ്ബാടുനിന്നും വരുന്ന ഭക്തർക്ക്, ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

അടുത്ത വർഷം ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയണ് മഹാകുംഭമേള നടക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും മഹാകുംഭമേള ജില്ല വന്നതോടെ യുപിയിലെ ജില്ലകളുടെ എണ്ണം 76 ആയി ഉയർന്നു. 67 ഗ്രാമങ്ങളാണ് പുതുതായി പ്രഖ്യാപിച്ച ജില്ലയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രയാഗ്‌രാജ് ജില്ലാ കലക്‌ടര്‍ രവീന്ദ്ര കുമാർ മദാർ ആണ് മഹാകുംഭമേള ജില്ലയെ താത്‌കാലിക ജില്ലയായി പ്രഖ്യാപിച്ച്‌ ഉത്തരവിറക്കിയത്.

Related News