'പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ച്‌ ഫോട്ടോയെടുക്കും, മാധ്യമശ്രദ്ധ മങ്ങിയാല്‍ കൈയൊഴിയും'; ഡിഎംകെക്കെതിരെ ആഞ്ഞടിച്ച്‌ വിജയ്

  • 04/12/2024

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കൈകാര്യം ചെയ്തതില്‍ ഡിഎംകെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡൻ്റും നടനുമായ വിജയ്. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദർശിക്കുകയും സഹായം വിതരണം ചെയ്യുകയും ഫോട്ടോയെടുക്കുകയും ചെയ്യുന്ന നേതാക്കള്‍ മാധ്യമശ്രദ്ധ മങ്ങിക്കഴിഞ്ഞാല്‍ ജനങ്ങളെ കൈയൊഴിയുന്ന ഒരു ആചാരാനുഷ്ഠാനമായി ദുരന്തനിവാരണത്തെ സർക്കാർ മാറ്റിയെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. 

കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് ആവർത്തിച്ച്‌ മുന്നറിയിപ്പ് നല്‍കിയിട്ടും പ്രാഥമിക മുൻകരുതല്‍ നടപടികള്‍ പോലും നടപ്പാക്കുന്നതില്‍ സർക്കാർ പരാജയപ്പെട്ടെന്ന് വിജയ് ആരോപിച്ചു. "പ്രകൃതിദുരന്തങ്ങളില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്ന പ്രാഥമിക ഉത്തരവാദിത്തം ഭരണസംവിധാനം മറക്കുന്നു. ഒന്നോ രണ്ടോ ദിവസം ആളുകളെ കണ്ട് താത്കാലിക പരിഹാരങ്ങള്‍ നല്‍കിയാല്‍ പോരാ. ദുരന്ത നിവാരണത്തിനും കാലാവസ്ഥാ വ്യതിയാന ലഘൂകരണത്തിനും വേണ്ടിയുള്ള ദീർഘകാല നടപടികള്‍ അത്യന്താപേക്ഷിതമാണ്'' താരം ചൂണ്ടിക്കാട്ടി.

ഡിഎംകെ സർക്കാർ വിമതരെ സർക്കാർ വിരുദ്ധരായി മുദ്രകുത്തി വിമർശനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുകയോ അവരുടെ ഉദ്ദേശ്യങ്ങളെ കാവിവല്‍ക്കരിക്കുകയോ ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''പ്രതിപക്ഷത്തെ വിമർശിച്ച്‌ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാമെന്ന് സർക്കാർ വിശ്വസിക്കുന്നു.എന്നാല്‍ ജനങ്ങളെ കബളിപ്പിക്കുന്ന ഭരണാധികാരികള്‍ക്ക് ആയുസ്സില്ലെന്നാണ് ചരിത്രം തെളിയിക്കുന്നതെന്നും'' അദ്ദേഹം പറഞ്ഞു.

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ഭക്ഷണം, കുടിവെള്ളം, പലചരക്ക് സാധനങ്ങള്‍ തുടങ്ങിയ അവശ്യ സഹായങ്ങള്‍ നല്‍കുന്നത് തുടരാൻ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ടിവികെ കേഡറുകളോട് വിജയ് അഭ്യർഥിച്ചു. അവരുടെ തുടർച്ചയായ ശ്രമങ്ങളെ അദ്ദേഹം പ്രശംസിക്കുകയും കാലാവസ്ഥാ വകുപ്പ് കനത്ത മഴയെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്നത് തുടരുന്നതിനാല്‍ ജാഗ്രത പാലിക്കാനും സുരക്ഷയ്ക്ക് മുൻഗണന നല്‍കാനും ആഹ്വാനം ചെയ്തു.''വെള്ളപ്പൊക്കം കുറഞ്ഞ് സാധാരണ നിലയിലേക്ക് മടങ്ങുന്നത് വരെ നമ്മുടെ പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം.

Related News