ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

  • 04/12/2024

ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്നാവിസിനെ ബിജെപി കോർ കമ്മിറ്റി യോഗം തെരഞ്ഞെടുത്തു. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്. നിലവിലെ മുഖ്യമന്ത്രിയായ ഏകനാഥ് ഷിൻഡേയുമായുള്ള തർക്കങ്ങള്‍ പരിഹരിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. സത്യപ്രതിജ്ഞ നാളെ നടക്കും.

മഹാരാഷ്ട്ര നിയമസഭ ഫലം പുറത്ത്‍വന്ന് 11 ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ധാരണയുണ്ടാക്കാൻ സാധിച്ചത്.ഏക്നാഥ് ഷിൻഡെ വിഭാഗത്തിന്റെ കടുംപിടിത്തമായിരുന്നു അനിശ്ചിതത്വത്തിന്റെ പ്രധാന കാരണം. ഫഡ്നാവിസിന് മുഖ്യമന്ത്രി പദം നല്‍കണമെന്ന നിർദേശം ബിജെപിക്കിടയില്‍ നിന്ന് വന്നപ്പോള്‍ മുതല്‍ ഷിൻഡെ അതിന് ഉടക്കിട്ടു. ഒരുനിലക്കും വിജയിക്കില്ലെന്ന് കണ്ടപ്പോള്‍ മുഖ്യമന്ത്രിപദം ബിഹാറിലേതു പോലെ പങ്കുവെക്കണമെന്നും ഷിൻഡെ നിർദേശിക്കുകയുണ്ടായി.

എന്നാല്‍ സഖ്യത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ ബിജെപി ഒരാവശ്യത്തിനും വഴങ്ങാതായതോടെ അവർ മുന്നോട്ടുവെച്ച ഉപമുഖ്യമന്ത്രി പദവി സ്വീകരിക്കുകയല്ലാതെ ഷിൻഡെക്കു മുന്നില്‍ മറ്റ് വഴികളില്ലാതായി. ഫഡ്നാവിസ് കൈവശം വെച്ചിരുന്ന ആഭ്യന്തരത്തിലായി പിന്നീട് ഷിൻഡെയുടെ നോട്ടം. അതില്‍ ഉറപ്പുകിട്ടിയോ എന്ന് വ്യക്തമല്ല. ഫഡ്നാവിസുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ഷിൻഡെ കടുംപിടിത്തത്തില്‍ അയവു വരുത്തിയത്.

Related News