ആശുപത്രിയിലെ ലിഫ്റ്റ് തകർന്നുവീണ് യുവതി മരിച്ചു. പ്രസവ ശേഷം യുവതിയെ താഴത്തെ നിലയിലേയ്ക്ക് മാറ്റുന്നതിനിടെയാണ് ലിഫ്റ്റ് തകർന്ന് വീണത്. അപകടത്തില്‍ ആശുപത്രി ജീവനക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ ലോഹ്യ നഗറിലുള്ള ക്യാപിറ്റല്‍ ഹോസ്പിറ്റലിലാണ് ദാരുണമായ സംഭവമുണ്ടായത്.
കരിഷ്മ എന്ന യുവതിയെ പ്രസവ ശേഷം താഴത്തെ നിലയിലെ വാർഡിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം. ലിഫ്റ്റില്‍ രണ്ട് ആശുപത്രി ജീവനക്കാരും യുവതിയ്ക്കൊപ്പമുണ്ടായിരുന്നു. ലിഫ്റ്റ് താഴേയ്ക്ക് പോകുന്നതിനിടെ അതിന്റെ കേബിളുകള്‍ പൊട്ടിയാണ് അപകടമുണ്ടായത്. കരിഷ്മയുടെ തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതാണ് മരണത്തിന് കാരണമായത്.
സംഭവം നടന്ന ഉടൻ ആശുപത്രി ജീവനക്കാർ ഓടി രക്ഷപ്പെട്ടതായി യുവതിയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. യുവതിയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളം ഉണ്ടാക്കുകയും വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തു. ബഹളത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 13 രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ കുട്ടി സുരക്ഷിതനാണെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ആയുഷ് വിക്രം പറഞ്ഞു. ലിഫ്റ്റിൻ്റെ സാങ്കേതിക പരിശോധന നടത്തി വരികയാണെന്നും പിഴവ് കണ്ടെത്തിയാല്‍ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കുമെന്നും സിറ്റി മജിസ്‌ട്രേറ്റ് അനില്‍ കുമാർ വ്യക്തമാക്കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?