തെരഞ്ഞെടുപ്പില്‍ ഇവിഎം ദുരുപയോഗം ചെയ്തു: മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ച്‌ പ്രതിപക്ഷം

  • 07/12/2024

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) ദുരുപയോഗം ചെയ്തുവെന്നാരോപിച്ച്‌ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ച്‌ പ്രതിപക്ഷം. പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി(എംവിഎ) അംഗങ്ങള്‍ ആണ് ചടങ്ങ് ബഹിഷ്കരിച്ചത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രിമാരായ അജിത് പവാർ, ഏക്നാഥ് ഷിൻഡെ എന്നിവർ ഉള്‍പ്പടെയുള്ള ഭരണകക്ഷി അംഗങ്ങള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.

മൂന്ന് ദിവസത്തെ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് സത്യപ്രതിജ്ഞ ചെയ്യേണ്ട എന്ന തീരുമാനത്തെ തുടർന്നാണ് കോണ്‍ഗ്രസ്, ശിവസേന( ഉദ്ധവ് വിഭാഗം), എൻസിപി(ശരദ് പവാർ) എന്നീ പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങള്‍ ചടങ്ങ് ബഹിഷ്കരിച്ചത്. ഭരണകക്ഷിയായ മഹായുതി സഖ്യത്തിന് ലഭിച്ച വൻ ജനപിന്തുണയിലും ഇവിഎം വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യതയിലും ചോദ്യങ്ങള്‍ ഉയർത്തിയായിരുന്നു എംവിഎ അംഗങ്ങളുടെ പ്രതിഷേധം. 

"മഹാ വികാസ് അഘാഡി അംഗങ്ങള്‍ ഇന്ന് സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചു. വലിയ ഭൂരിപക്ഷത്തോടെ ഒരു സർക്കാർ അധികാരത്തില്‍ എത്തുമ്ബോള്‍ ആഘോഷങ്ങള്‍ ഉണ്ടാകുന്നു. എന്നാല്‍ അവർക്ക് ലഭിച്ച ജനപിന്തുണ ജനങ്ങള്‍ നല്കിയതാണോ, അതോ ഇവിഎമ്മും തിരഞ്ഞെടുപ്പ് കമ്മീഷനും നല്കിയതാണോ എന്ന ചോദ്യം ഉയരുന്നു," ശിവസേന നേതാവ് ആദിത്യ താക്കറെ മാധ്യമങ്ങളോട് പറഞ്ഞു. 

Related News