ഹേമ കമ്മിറ്റിയിലെ അന്വേഷണത്തിനെതിരെ മറ്റൊരു നടികൂടി രംഗത്ത്; 'മൊഴിയില്‍ കൃത്രിമം നടന്നു', സുപ്രീംകോടതിയില്‍ ഹര്‍ജി

  • 11/12/2024

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റിയിലെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം ചോദ്യം ചെയ്ത് സുപ്രീംകോടതിയിലുള്ള ഹർജിയില്‍ കക്ഷി ചേരാൻ മറ്റൊരു നടി കൂടി അപേക്ഷ നല്‍കി. മൊഴിയില്‍ കൃത്രിമത്വം നടന്നതായി സംശയിക്കുന്നുവെന്നും എസ്‌ഐടി ഇതുവരെയും തന്നെ സമീപിച്ചിട്ടില്ലെന്നും നടി ഹർജിയില്‍ പറയുന്നു. നേരത്തെ നടി മാലാ പാർവ്വതിയും ഹേമ കമ്മിറ്റി അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. 

മൊഴി നല്‍കിയപ്പോള്‍ എല്ലാ കാര്യങ്ങളും രഹസ്യമായിയിരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ തൻ്റെ സ്വകാര്യതയെ കുറിച്ച്‌ ആശങ്കയുണ്ട്. ഹേമ കമ്മിറ്റിയുടെ നടപടികള്‍ പരിപൂർണ്ണതയില്‍ എത്തണം എന്നാണ് ആഗ്രഹമെന്നും നടി വ്യക്തമാക്കുന്നു. അഭിഭാഷക ലക്ഷ്മി എൻ കൈമളാണ് നടിക്കായി ഹർജി ഫയല്‍ ചെയ്തത്. അതേസമയം, സംസ്ഥാന വനിത കമ്മീഷൻ നല്‍കിയ സത്യവാങ് മൂലത്തില്‍ ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കാൻ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കുന്നു. എസ്‌ഐടി അന്വേഷണം സുപ്രീം കോടതി റദ്ദാക്കിയാല്‍ പല ഇരകളുടെയും മൗലിക അവകാശം ലംഘിക്കപ്പെടുമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു.

ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചനയാണെന്നും ‌തങ്ങള്‍ക്ക് ഉണ്ടായ ദുരനുഭവമാണ് മൊഴിയായി നല്‍കിയതെന്നും നടി മാലാ പാർവതി പറഞ്ഞിരുന്നു. മറ്റുളളവർക്കുണ്ടായ കേട്ടറിവുകള്‍ പറഞ്ഞു. കേസിന് താല്‍പര്യമില്ലെന്ന് അന്നേ പറഞ്ഞതാണ്. റിപ്പോർട്ടില്‍ പേരുപോലും വരരുതെന്ന് ആവശ്യപ്പെട്ടിരുന്നു. സിനിമയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താൻ നിയമനിർമാണമായിരുന്നു ലക്ഷ്യം. മൊഴിയുടെ പേരില്‍ കേസെടുക്കുന്നത് ശരിയല്ല. എസ്‌ഐടി ചലച്ചിത്ര പ്രവർത്തകരെ വിളിച്ച്‌ ഹരാസ് ചെയ്യുകയാണ്. കേസിന് ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അതുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും മാലാ പാർവ്വതി പറഞ്ഞു. കേസുമായി മുന്നോട്ട് പോകാൻ താല്‍പര്യമില്ലെന്ന് എസ്‌ഐടിയെ അറിയിച്ചിരുന്നുവെന്നും എന്നിട്ടും പൊലീസ് തുടർ നടപടികള്‍ സ്വീകരിച്ചുവെന്നും മാലാപാർവ്വതി പറഞ്ഞു.

Related News