അല്ലു അര്‍ജുൻ ജയില്‍ മോചിതനായി; പുറത്തിറക്കുന്നതിലും ട്വിസ്റ്റ്, സുരക്ഷാ കാരണങ്ങളാല്‍ പുറത്തിറക്കിയത് പിൻഗേറ്റിലൂടെ

  • 13/12/2024

പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യാ കേസില്‍ റിമാന്‍ഡിലായ തെന്നിന്ത്യൻ സൂപ്പര്‍ താരം നടൻ അല്ലു അര്‍ജുൻ ജയില്‍ മോചിതനായി. ഇന്നലെ ഉച്ച മുതല്‍ ആരംഭിച്ച നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ഒരു രാത്രിയിലെ ജയില്‍ വാസത്തിന് ഒടുവില്‍ നടൻ അല്ലു അര്‍ജുൻ പുറത്തിറങ്ങുന്നത്.

ഇടക്കാല ജാമ്യം നല്‍കിയുള്ള ഹൈക്കോടതിയുടെ ഉത്തരവിന്‍റെ പകര്‍പ്പ് ലഭിച്ചതോടെയാണ് അല്ലുവിന്‍റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങിയത്. പുലര്‍ച്ചെ അല്ലു അര്‍ജുനെ ജയിലില്‍ നിന്ന് പുറത്തിറക്കുന്നതിലും ട്വിസ്റ്റുണ്ടായി. ജയിലിലെ പ്രധാന കവാടത്തിന് പുറത്ത് ആരാധകരടക്കമുള്ള നിരവധി പേര്‍ കാത്തുനില്‍ക്കെ പിന്‍ഗേറ്റ് വഴിയാണ് അല്ലുവിനെ പുറത്തിറക്കിയത്. തെലങ്കാന ചഞ്ചല്‍ഗുഡ ജയിലിലെ ബാരക്ക് ഒന്നിലാണ് അല്ലു അര്‍ജുൻ ഇന്നലെ കഴിഞ്ഞത്. ജയിലിന്‍റെ പിന്‍ ഗേറ്റ് വഴിയാണ് അല്ലു അര്‍ജുനെ പുറത്തിറക്കിയത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടികാണിച്ച്‌ മുൻഗേറ്റ് വഴി അല്ലു അര്‍ജുനെ പുറത്തേക്ക് കൊണ്ടുവരണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.

അല്ലു അർജുനൊപ്പം തീയറ്റർ ഉടമകളും ജയില്‍ മോചിതരായി. സന്ധ്യ തീയറ്റർ മാനേജ്‌മെന്‍റ് ഉടമകളായ രണ്ട് പേരെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അവർക്കും ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരെയും അല്ലു അർജുനൊപ്പം റിലീസ് ചെയ്തു.അതേസമയം, ജയില്‍ മോചനം വൈകിപ്പിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അല്ലു അർജുന്റെ അഭിഭാഷകര്‍ പറഞ്ഞു. ഇന്നലെ രാത്രി ഒപ്പിട്ട ജാമ്യ ഉത്തരവ് ജയിലില്‍ എത്തിയിരുന്നു. എന്നിട്ടും ജയില്‍ മോചനം വൈകി എന്ന് അഭിഭാഷകര്‍ ആരോപിച്ചു. ഇതിനെതിരെ നിയമനടപടികളിലേക്ക് നീങ്ങുമെന്നും അഭിഭാഷകര്‍ വ്യക്തമാക്കി.

Related News